കൂറ്റനാട്: കഞ്ചാവ് വിതരണം നടത്തിവരികയായിരുന്ന ഏജന്റ് ഉള്‍പ്പടെ നാലുപേരെ തൃത്താലപൊലീസ് അറസ്റ്റുചെയ്തു. വാടാനംകുറുശ്ശി സ്വദേശിയും ഏജന്റുമായ അഭിലാഷ്(23), കുമരനെല്ലൂര്‍ സ്വദേശികളായ അമീര്‍(20), സുല്ത്താന്ഹാരിഫ്(20), മുഹമ്മത്ഷാദ്(20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മുഖ്യകണ്ണിയായ അഭിലാഷ് റിമാഡിലാണ്. മറ്റു മൂന്ന് പേര്‍ക്ക് ജാമ്യംനല്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ കുമരനെല്ലൂര്‍ ഹൈസ്കൂള്‍ കോമ്പൗണ്ടിലിരുന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയായിരുന്ന മൂവര്‍സംഘത്തെ നാട്ടുകാരാണ് ഓടിച്ചിട്ട് പിടികൂടിയത്. സ്കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും കുറേകാലമായി സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായിരുന്നു.ക്ലാസ് മുറികളിലെ ഫര്‍ണ്ണിച്ചറുകള്‍ തകര്‍ക്കുകയും ബാത്ത് റൂമുകളുടെ വാതിലുകള്‍ പൊളിച്ചുകൊണ്ടുപോവുകയും തുടങ്ങി സ്കൂള്‍ അന്തരീക്ഷം തകര്‍ക്കുന്ന വിധമുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയായിരുന്നു. ഇതിനെതുടര്‍ന്നുള്ള നിരവധിപരാതി പൊലീസില്‍ നിലനില്‍ക്കുകയാണ്. സ്കൂള്‍പരിസരം പൊലീസിന്റെയും മറ്റും നീരിക്ഷണത്തിലായിരുന്നു. അസമയത്ത് ഇവിടെ വന്നഇവരെ ശ്രദ്ധയില്പ്പെട്ടനാട്ടുകാരാണ് പിടികൂടി തൃത്താല പൊലീസിന് കൈമാറിയത്. തുടര്‍ന്ന് ഇവരെ വച്ചുകൊണ്ടുതന്നെ മുഖ്യകണ്ണിയെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നയാളുകൂടിയാണ് റിമാഡിലായ അഭിലാഷ്. ഇയാളില്‍ നിന്നും 70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മൂവര്‍സംഘത്തില്‍ നിന്നും ലഹരിനിറച്ച ബീഡികള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: