ചേമഞ്ചേരി: മാനവമൈത്രീ വിളംബരം ചെയ്യുന്ന മണല്‍ശില്പ നിര്‍മ്മാണത്തോടെ കാപ്പാട് തുവ്വപ്പാറയ്‌ക്ക് സമീപം വിസ്തൃതമായ മണല്‍ശില്പം ഉയര്‍ന്നു. പൂക്കാട് കലാലയത്തിലെ ശില്പകലാധ്യാപകനും പ്രശസ്ത ശില്‍പിയുമായ ബാലന്‍ താനൂരിന്റെ നേതൃത്വത്തില്‍ പഠിതാളും ചിത്രകലാ വിദ്യാര്‍ത്ഥികളും കലാകാരന്മാരും ഉള്‍പ്പെടുന്ന നൂറിലേറെപേര്‍ രണ്ട് മണിക്കൂര്‍ സമയംകൊണ്ടാണ് ശില്‍പ്പം പൂര്‍ത്തിയാക്കിയത്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് കൈമാറിയ ഒരു കൈക്കുടന്ന മണല്‍ ശില്പി ബാലന്‍ താനൂര്‍ ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കലാലയം ചിത്രകലാധ്യാപകരായ എ.കെ. രമേശ്, സുരേഷ് ഉണ്ണി, സുജേഷ്, സതീഷ് തായാട്ട്, യു.കെ. രാഘവന്‍ എന്നിവരും ചിത്രരചനയില്‍ അണിചേര്‍ന്നു.
ചിത്രകാരന്മാരായ എം.വി.എസ്. പൂക്കാട്, ഷാജി പൊയില്‍ക്കാവ്, വാസു കുനിയില്‍, ഷാറൂണ്‍ അല്‍ ഉസ്മാന്‍, സി.എം. ശ്രീനിവാസന്‍, എ.കെ. രാധാകൃഷ്ണന്‍, ലിനേഷ്, ആനയാടത്ത് ശശി എന്നിവരും പങ്കാളികളായി. കലാലയം ജനറല്‍സെക്രട്ടറി കെ. ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു. ശില്‍പി ബാലന്‍ താനൂരിനെ എം.വി.എസ്. പൂക്കാട് പൊന്നാടയണിയിച്ചു. യു.കെ. രാഘവന്‍ ചൊല്ലിക്കൊടുത്ത മാനവമൈത്രീ പ്രതിജ്ഞ കാണികള്‍ ഏറ്റുചൊല്ലി. പൂക്കാട് കലാലയം ആവണിപ്പൂവരങ്ങിന്റെ ഭാഗമായാണ് ശില്പരചന നടന്നത്.
















