വണ്ണപ്പുറം: പഞ്ചായത്ത് കമ്മറ്റിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി. ചിലപദ്ധതികള്‍ പാസാക്കിയെടുക്കുന്നതിന് ലീവ് എടുത്ത് പോയ 15-ാം വാര്‍ഡ് മെമ്പര്‍ ലീവ് ക്യാന്‍സല്‍ ചെയ്ത് തിരികെ വന്ന് ഫോറം പൂര്‍ത്തിയാക്കി പദ്ധതികള്‍ പാസാക്കിയതാണ് ബഹളത്തിനിടയാക്കിയത്. 17 അംഗങ്ങളാണ് കമ്മറ്റിയില്‍ ഉള്ളത്. 9 യുഡിഎഫും, 4 കേരളകോണ്‍ഗ്രസ്, 4 എല്‍ഡിഎഫ് അംഗങ്ങളുമാണ് ഉള്ളത്. വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ പുതിയ പഞ്ചായത്താഫീസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് കമ്മറ്റി കൂടിയത്. പദ്ധതിയെ യുഡിഎഫ് മെമ്പര്‍മാര്‍ അനുകൂലിക്കുകയും, എല്‍ഡിഎഫ് മെമ്പര്‍മാരും കേരള കോണ്‍ഗ്രസ് മെമ്പര്‍മാരും എതിര്‍ക്കുകയും ചെയ്തു.
പുതിയ പഞ്ചായത്ത് ഓഫീസ് അല്ലാ വേണ്ടത്. പകരം വണ്ണപ്പുറം പിഎച്ച്‌സിയെ സിഎച്ച്‌സി ആക്കി ഉയര്‍ത്തുകയാണ് വേണ്ടത് എന്ന് കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി. പുതിയ പഞ്ചായത്ത് കെട്ടിടം എന്ന ആവശ്യം പാസാക്കാനാണ് അസന്‍മാര്‍ഗിക ജീവിതം നയിച്ചിരുന്ന പേരില്‍ ലീവില്‍ പോയ മെമ്പര്‍ ലീവ് ക്യാന്‍സല്‍ ചെയ്ത് കമ്മിറ്റിയില്‍ വന്നത്. ഇതാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ബഹളത്തെ തുടര്‍ന്ന് പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് വിജരാജിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങളുടെ പകര്‍പ്പ് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ക്ലാര്‍ക്കിനെ ഉപരോധിച്ചത്. സംഭവത്തെ തുടര്‍ന്ന് കാളിയാര്‍ പോലീസ് സ്ഥലത്തെത്തി. രാത്രി വൈകി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
















