അമ്പലപ്പുഴ: മില്ലുടമകള്‍ക്കൊപ്പം നിന്ന് കര്‍ഷകരെ ചൂഷണം ചെയ്യുന്ന പാഡി ഓഫീസര്‍മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നു.പാഡി ഓഫീസര്‍മാരുടെ സാമ്പത്തിക സ്ഥിതിയും സ്വത്തുവിവരം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നെല്ല് സംഭരണത്തില്‍ സാധാരണകര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് മില്ലുടമകള്‍ സ്വീകരിക്കുന്നത്.
ഇതില്‍ മില്ലുടമകളെ സഹായിക്കുന്ന നിലപാടാണ് ജില്ലയിലെ പാഡി ഓഫീസര്‍മാര്‍ സ്വീകരിക്കുന്നത്. എല്ലാവര്‍ഷവും സംഭരണ സീസണ് സംഘര്‍ഷവും, തര്‍ക്കവും നിറഞ്ഞതായിരിക്കും. ഇതിന് പ്രധാന കാരണം മില്ലുടമകള്‍ക്കൊപ്പം നില്ക്കുന്ന പാഡി ഓഫീസര്‍മാരാണ്. ഇത്തവണ കുട്ടനാടന്‍, കരിനിലമേഖലകളില്‍ മുഞ്ഞ, ഇലപ്പുള്ളി, വരി, രോഗങ്ങള്‍ ബാധിച്ച് ഏറെക്കുറെ കൃഷി നശിച്ചിരുന്നു. ഇതിന്റെ പേരില്‍ കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് വന്‍കിട മില്ലുടമകള്‍ സ്വീകരിച്ചത്.
ഈ രോഗങ്ങള്‍ ബാധിക്കാത്ത നെല്ലും വന്‍ കിഴിവിലെടുക്കാമെന്ന നിലപാടാണ് മില്ലുടമകള്‍ സ്വീകരിച്ചത്.കളക്ട്രേറ്റില്‍ ജില്ലകളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്. പരമാവധി 10 കിലോ വരെ കിഴിവ് നല്കിയാല് മതിയെന്നാണ്. എന്നാല്‍ ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി മില്ലുടമകള്‍ ആവശ്യപ്പെട്ടത് 30 കിലോ വരെ കിഴിവാണ്.
മില്ലുടമകളും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ട പാഡി ഓഫീസര്‍മാര്‍ മില്ലുടമകളുടെ ഏജന്റുമാരായി മാറുകയായിരുന്നു. ഒരു ക്വിന്റല്‍ നെല്ലുസംഭരിച്ചാല്‍ മില്ലുടമകള്‍ സര്‍ക്കാരിന് 68 കിലോ അരി നല്കിയാല് മതി.
എന്നാല്‍ നെല്ലിന് ബാധിക്കുന്ന രോഗങ്ങളുടെയും, ജലാംശത്തിന്റെയും പേരില്‍ അധികമായി കിഴിവ് ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് മില്ലുടമകള്‍. സര്‍ക്കാരിനെ വരെ വിലക്കെടുക്കാന്‍ സ്വാധീനമുള്ള മില്ലുടമകളുടെ കൈകളിലാണ് പാഡി ഓഫീസര്‍മാര്‍. കര്‍ഷകരെ ചൂഷണം ചെയ്തും സര്‍ക്കാരിനെ വഞ്ചിച്ചും കിട്ടുന്ന ലക്ഷങ്ങളുടെ ഒരു പങ്ക് ഇത്തരം പാഡി ഓഫീസര്‍മാര്‍ക്കും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറക്കാട് ഗ്രേഡിങ് ബ്ലോക്ക് പാടശേഖരത്ത് 30 കിലോ കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടത്. ഇതിനു സമീപത്തെ ഇല്ലിച്ചിറ പാടത്തു നിന്ന് 13 കിലോ കിഴിവിലാണ് മില്ലുടമകള്‍ നെല്ലെടുത്തത്. 30 കിലോ കിഴിവു നല്കാന് കഴിയില്ലെന്ന നിലപാടറിയിച്ച് കര്‍ഷകര്‍ പുറക്കാട് കൃഷിഭവന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടും തര്‍ക്കം പരിഹരിക്കാന്‍ പാഡി ഓഫീസര്‍ എത്തിയിരുന്നില്ല.
ഭക്ഷ്യ മന്ത്രി പി. തിലോത്തമന് കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയത് തര്‍ക്കം പരിഹരിക്കാന്‍ പാഡി ഓഫീസര്‍ എത്തുമെന്നായിരുന്നു. എന്നാല്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടു പോലും പാഡി ഓഫീസര്‍ ഇവിടെയെത്തിയില്ല. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല് ബ്രാന്‍ഡ് അരിയാക്കി മാറ്റി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മില്ലുടമകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ ലഭിക്കുന്ന അരിയാണ് സപ്ലൈകോക്ക് നല്‍കുന്നത്.
മില്ലുടമകളുടെ ഈ പകല്‍ക്കൊള്ളക്ക് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരും പാഡി ഓഫീസര്‍മാരും കൂട്ടുനിന്ന് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇവര്‍ക്കെതിരെ സര്‍ക്കാരോ വിജിലന്സോയാതൊരു വിധ അന്വേഷണവും ഇതുവരെ നടത്തിയിട്ടില്ല. മന്ത്രിതലത്തില്‍ വരെ സ്വാധീനമുള്ളവന്കിട മില്ലുടമകളുടെ നിയന്ത്രണത്തിലാണ് നെല്ലുസംഭരണം നടക്കുന്നത്. കര്‍ഷകരുടെ മാസങ്ങളായുള്ള അദ്ധ്വാനമാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്.
ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത തവണ കൃഷി ഉപേക്ഷിക്കുമെന്ന നിലപാടിലാണ് ഭൂരിഭാഗം കര്‍ഷകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: