സ്വന്തം ലേഖകന്‍
മലപ്പുറം: ജനങ്ങളുടെ കൈകളിലേക്ക് പുതിയ നോട്ടുകള്‍ എത്തി തുടങ്ങി, എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ ചില നിയന്ത്രണങ്ങളൊഴിച്ചാല് ബാക്കിയെല്ലാം പഴയതുപോലെ. 500, 1000 നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഇന്നലെയും നല്ല തിരക്കാണ് ബാങ്കുകളില്‍ അനുഭവപ്പെട്ടത്.
പക്ഷേ ആദ്യദിവസത്തെ പോലെ ആശങ്കയോടെയല്ല ജനങ്ങള്‍ പണത്തിനായി കാത്തുനിന്നത്. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നന്മക്കായാണ് ഈ നീക്കം നടത്തിയതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. വന്‍കിട കള്ളപ്പണക്കാരെ വലയിലാക്കാന്‍ സര്‍ക്കാരിനോട് ഏതുവിധേനയും സഹകരിക്കുമെന്ന് എല്ലാവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
പണം മാറാന്‍ അവസരം ലഭിച്ച ആദ്യദിവസം വലിയ ആശങ്കയോടെയാണ് ജനങ്ങള്‍ ബാങ്കുകളിലെത്തിയത്. കൈയിലുള്ള പഴയ നോട്ടുകള്‍ എന്തുചെയ്യണം, എങ്ങനെയാണ് മാറ്റിവാണ്ടേത്, ബാങ്കില്‍ എന്തൊക്കെ രേഖകള്‍ കൊടുക്കണം തുടങ്ങി നൂറു സംശയങ്ങള്‍. അതിനിടയില്‍ ചിലരുടെ കള്ളപ്രചരണം കൂടിയായപ്പോള്‍ ഏത് വിശ്വസിക്കണമെന്നറിയാതെ ഒന്ന് ശങ്കിച്ചു. പക്ഷേ ബാങ്കിലെത്തിയപ്പോഴാണ് മനസിലായത്, കാര്യങ്ങള്‍ വളരെ എളുപ്പമാണെന്ന്.
നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള കാര്യങ്ങളൊക്കെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരുന്നു.
പക്ഷേ കള്ളപ്പണക്കാരും രാഷ്ട്രീയ എതിരാളികളും നുണപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ആദ്യ രണ്ടുദിവസം ആ നുണ വിശ്വസിച്ചെങ്കിലും ഇപ്പോള്‍ വ്യക്തമായി.
കള്ളപ്പണമാണ് നാടിന്റെ ശാപം അത് തകര്‍ക്കാന്‍, ഇങ്ങനെ എത്ര നേരം വേണമെങ്കിലും നില്ക്കാന് തയ്യാറാണ്. ഇന്നലെ മലപ്പുറം എസ്ബിടി ശാഖയില്‍ പണം മാറാനെത്തിയ ഒരു വൃദ്ധന്റെ വാക്കുകളാണിത്.
സാധാരണക്കാരെല്ലാം സന്തോഷത്തിലാണെങ്കിലും വന്‍കിട മുതലാളിമാരും സഹകരണ ബാങ്ക് അധികൃതരും അത്ര സന്തോഷത്തിലല്ല. രേഖകളില്ലാത്ത പണം കൈയിലുള്ളവര്‍ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമാണ്. ഒരുവിധത്തിലും പണം മാറാന്‍ സാധിക്കുന്നില്ല. യാതൊരു മാനദണ്ഡവും ഇല്ലാതെ നിക്ഷേപം സ്വീകരിച്ച സഹകരണ ബാങ്കുകളാണ് ആകെ വെട്ടിലായിരിക്കുന്നത്. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണമുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് അനുസരിച്ച് വിജിലന്‍സ് പരിശോധനയും ആരംഭിച്ചു കഴിഞ്ഞു.
എന്തായാലും ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരെ കുടുക്കി കഴിഞ്ഞു. ഈ വലിയ ഉദ്യമത്തിന്റെ ഭാഗമായതില്‍ എല്ലാവര്ക്കും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: