മുംബൈ: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ഗോവണ്ടിയിലുള്ള ജീവന്‍ജ്യോതി ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. ജഗദീഷ് ശര്‍മ്മ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. പഴയ നോട്ടുകളുമായി എത്തിയതിനാലാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത്.
ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ച ജഗദീഷ് ശര്‍മ്മയ്ക്ക് അടയ്ക്കാന്‍ കൈവശം പഴയം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. തല്ക്കാലത്തേയ്ക്ക് ഈ നോട്ടുകള്‍ സ്വീകരിക്കൂ, ഞാന്‍ പുതിയ നോട്ടുകളുമായി ഉടന്‍ വരാമെന്നും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ജഗദീഷ് ശര്‍മ്മ കേണപേക്ഷിച്ചിട്ടും അധികൃതര്‍ തയാറായില്ല.
ആശുപത്രി നടപടിക്കെതിരെ ജഗദീഷ് ശര്‍മ്മ ശിവജി നഗര്‍ പോലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും എഫ്ഐആര്‍ രേഖപ്പെടുത്താന്‍ പോലും പോലീസുകാര്‍ തയാറായില്ല. നിങ്ങള്‍ ഒരു പരാതി എഴുതിത്തരൂ, ഞങ്ങളത് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിന് കൈമാറാമെന്നാണ് പോലീസുകാര്‍ പറഞ്ഞത്. ഡോ.ശീതള്‍ കാമത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ജീവന്‍ജ്യോതി ആശുപത്രി.
അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പല ആശുപത്രികളും ഇത് പാലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: