തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷന് സെക്രട്ടേറിയറ്റില്‍ ഓഫീസ് നല്‍കാനാവില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സെക്രട്ടേറിയറ്റിലോ, സെക്രട്ടേറിയറ്റ് അനക്സിലോ ഓഫീസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
ഐഎംഎജിയില് ഓഫീസ് അനുവദിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് വിഎസിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്ക്കാര കമ്മീഷനായി നിയമിച്ചത്. ഇരട്ടപദവി വിഷയം പരിഹരിക്കുന്നതിനായി നിയമനിര്‍മ്മാണവും നടത്തിയിരുന്നു. എന്നാല്‍ ഐഎംജിയിലെ ഓഫീസിലേക്ക് പോകാന്‍ വിഎസ് തയ്യാറായില്ല. ഭരണപരിഷ്കാര കമ്മീഷന്റെ ആദ്യ യോഗം വിഎസിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലായിരുന്നു ചേര്‍ന്നത്.
ഈ യോഗത്തില്‍ ഓഫീസ് ഐഎംജിയില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. മുഖ്യമന്ത്രിയുമായി ചീഫ് സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചയില്‍ ഓഫീസ് ഐഎംജിയില്‍ മതിയെന്ന് നിര്‍ദ്ദേശം നല്കി. ഇതേത്തുടര്‍ന്നാണ് ഓഫീസ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയിലെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനും ഉത്തരവിട്ടു.
വിഎസിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിക്കുന്നതില്‍ തുടക്കം മുതലെ പിണറായിക്ക് എതിര്‍പ്പായിരുന്നു. ക്യാബിനറ്റ് റാങ്കായതിനാല്‍ ഒരു മന്ത്രിക്കു നല്കുന്ന സംവിധാനങ്ങള്‍ വിഎസിന് നല്‍കേണ്ടതായി വരും. ഇത് തന്റെ ഭരണത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ളതിനാലാണ് സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിക്കാന്‍ പിണറായി തയ്യാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: