ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ പുതിയ മോര്‍ച്ചറിയുടെ പണിപൂര്‍ത്തിയാകുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ടൈല്‍ വിരിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. നിലവിലുള്ള മോര്‍ച്ചറിയോട് ചേര്‍ന്നാണ് പുതിയ കെട്ടിടം പണിയുന്നത്. ഇവിടെ സ്ഥാപിക്കാനുള്ള യന്ത്രസംവിധാനങ്ങളെല്ലാം വിദേശത്തുനിന്നും ഇറക്കുമതി ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെയാണ് മോര്‍ച്ചറിയുടെ നിര്‍മ്മാണം. നാലുകോടിയോളം രൂപയുടെ ഫണ്ട് ഇതിനായി അനുവദിച്ചു കഴിഞ്ഞു. യന്ത്രസംവിധാനങ്ങള്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യും. സ്റ്റെയിന്‍ലസ് സ്റ്റീല്‍ നിര്‍മ്മിതമായ ട്രേകളും സ്വയം പ്രവര്‍ത്തിക്കുന്ന ശീതീകരണികളുമാണ് ഇതിലുള്ളത്. നടപടിക്രമങ്ങള്‍ക്കായി പോലീസിനും പൊതുജനങ്ങള്‍ക്കും ആവശ്യത്തിന് സ്ഥലസൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്നും ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ടോമി മാപ്പിളക്കായില് പറഞ്ഞു.
നിലവിലുള്ള മോര്‍ച്ചറിയില്‍ ശീതീകരണികളും യന്ത്രസംവിധാനങ്ങളുമെല്ലാം മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്. ഇതിന്റെ തകരാറുകള്‍ പരിഹരിക്കാനാവുകയില്ലെന്നും പുതിയതുമാറ്റി സ്ഥാപിക്കണമെന്നും ബന്ധപ്പെട്ട കമ്പനിക്കാര് അറിയിച്ചിരുന്നു. അതുകൊണ്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനാകാത്ത അവസ്ഥയിലുമാണ്. അനാഥ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ അഴുകിയ നിലയിലാണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ നിന്നും പുറത്തെടുക്കുന്നത് ഇവിടെ പണിയെടുക്കുന്ന ജീവനക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പുതിയ മോര്‍ച്ചറി 2017അവസനത്തോടെ കമ്മീഷന് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: