തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം മുന്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്.
സക്കീറിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്. ജനകീയസമരങ്ങളില്‍ പങ്കെടുത്തതിനാണു സക്കീര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും കോടിയേരി അവകാശമുന്നയിക്കുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതമാക്കുന്നതിനുവേണ്ടിയാണെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നു. സക്കീര്‍ ഹുസൈല്‍ ഗുണ്ടയാണെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇതിനു വിരുദ്ധമായ നിലപാടുമായി സംസ്ഥാന സെക്രട്ടറിയുടെ ലേഖനം പുറത്തുവന്നിരിക്കുന്നത്.
പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിനു സിപിഎം പ്രവര്‍ത്തകരെ യുഡിഎഫ് സര്‍ക്കാര്‍ കാപ്പനിയമപ്രകാരം ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം തോന്ന്യാസ ഭരണനയത്തിന്റെ ഭാഗമായാണ് സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെയും 14 കേസില്‍ പ്രതിയാക്കിയതെന്നും കോടിയേരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: