തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഐഒസിയിലെ ഒരു വിഭാഗം ട്രക്ക് തൊഴിലാളികള്‍ 40 ദിവസമായി നടത്തിവരുന്ന തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സൂചനാ പണിമുടക്കില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു.
രാവിലെ 5.30ന് ആരംഭിച്ച സമരം മൂലം ഒരു ട്രക്ക് പോലും പ്ലാന്റിനകത്ത് കയറുവാന്‍ സാധിക്കാത്തവിധം മുഴുവന്‍ ട്രക്ക് തൊഴിലാളികളും പണിമുടക്കിയതിനാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പണിമുടക്കില്‍നിന്നും സിഐടിയു വിട്ടുനിന്നെങ്കിലും തൊഴിലാളികള്‍ വണ്ടിയെടുക്കുവാന്‍ തയ്യാറായില്ല.
പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നിര്‍ബന്ധമുണ്ടായിട്ടും തൊഴിലാളികള്‍ വിസമ്മതിച്ചതിനാല്‍ പണിമുടക്ക് പൂര്‍ണമായി.
കോണ്‍ട്രാക്ടറും സമരസമിതി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിനാലാണ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയത്. കരാറുകാരന്റെ പിടിവാശിയെത്തുടര്‍ന്ന് ഒത്തുതീര്‍പ്പ് സാധ്യതകള്‍ പരാജയപ്പെട്ടു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 22 മുതല്‍ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നല്‍കുവാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു.
സമരസമിതി നേതാക്കളായ എന്‍.എസ്. നവീന്‍, വി.ആര്‍. അശോകന്‍, പി.വി. റെജിമോന്‍ (ബിഎംഎസ്), ടി. രഘുവരന്‍, എന്‍.എന്‍. സോമരാജന്‍, പി.വി. പ്രകാശന്‍ (എഐടിയുസി), ജോണ്‍ ജേക്കബ്, സുനിലാല്‍, കിഷോര്‍ (ഐഎന്‍ടിയുസി) എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
















