കോട്ടയം: മെത്രാന് കായലില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടന്ന വിത്ത് വിതറല്‍ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തിനെതിരെയുളള ശ്രമത്തിന്റെ ഭാഗമായാണ് മെത്രാന് കായലില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആറന്മുളയില് മുഖ്യമന്ത്രി ചുവപ്പ് പരവതാനിയില്‍ നിന്ന് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലേക്ക് വിത്തെറിഞ്ഞത് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത് കണക്കിലെടുത്ത് നിലമൊരുക്ക് പൂര്‍ത്തിയാകാത്ത കായല്‍ നിലത്ത് ഇറങ്ങി വിത്ത് വിതറാന്‍ മന്ത്രി ശ്രമം നടത്തിയെങ്കിലും പന്തിയല്ലെന്നു തോന്നിയതോടെ പിന്‍വാങ്ങി. പിന്നീട് കരയില്‍ നിന്നാണ് വിത്തെറിഞ്ഞത്.
404 ഏക്കര്‍ വിസ്താരമുളള മെത്രാന് കായലില്‍ ഇപ്പോള്‍ നെല്‍കൃഷി ആരംഭിക്കുന്നത് 25 ഏക്കറിലാണ്. ബാക്കി സ്ഥലം ഗള്‍ഫ് ആസ്ഥാനമായ റാക്കിന്‍ഡോ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കൈവശമാണ്. കമ്പനിയുടെ കൈവശമുള്ള ഭൂമിയില്‍ നെല്‍കൃഷി അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടത്താന്‍ സമ്മതിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.
കമ്പനി നെല്‍കൃഷി ആരംഭിക്കാത്ത പക്ഷം അവിടെ വിത്ത് വിതച്ച് കൊയ്തെടുക്കുന്നതിന് കര്‍ഷകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അനുവാദം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് സീലിങ് ആക്ടിന് വിപരീതമായി മെത്രാന് കായല്‍ കൃഷി ഭൂമി കൈവശം വച്ചു കൊണ്ടിരിക്കുന്ന കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാടശേഖരത്തിന് സമീപം ചേര്‍ന്ന ചടങ്ങില്‍ കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ സെക്രട്ടറി രാജു നാരായണ സ്വാമി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ജില്ലാ കളക്ടര്‍ സി.എ ലത, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: