കാക്കനാട്: കാക്കനാട്ടെ റവന്യു വിവാദ ഭൂമി അളന്നു തിട്ടപ്പെടുത്തി തുടങ്ങി. തൃക്കാക്കര നഗരസഭയുടെ അപേക്ഷയെ തുടര്‍ന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസര്‍ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്.
നഗരസഭയ്‌ക്ക് ബസ് ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വന്‍ പദ്ധതിക്കായി സ്ഥലം ആവശ്യമുണ്ടെന്നും അതിനായി ഈ സ്ഥലം പതിച്ചു നല്‍കണമെന്നും കാണിച്ച് നഗരസഭ ജില്ലാ കളക്ടര്‍ക്കും, വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
റവന്യു വകുപ്പിന്റെ സ്ഥലം നഗരസഭ അവകാശവാദം ഉന്നയിച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വേലി കെട്ടിത്തിരിക്കല്‍ നടത്തിയപ്പോള്‍ റവന്യു വകുപ്പ് ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരസഭ ജില്ലാ കളക്ടര്‍ക്കും, വകുപ്പ് മന്ത്രിക്കും അപേക്ഷ സമര്‍പ്പിച്ചത്.
എത്രയും വേഗം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നേരത്തെ തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
മറ്റു മുനിസിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലുമുള്ളത് പോലെയുള്ള ബസ് സ്റ്റാന്റുകളോ, മറ്റു സൗകര്യങ്ങളോ കാക്കനാട് ഇല്ലാ എന്നും, ഇതിന്റ അടിസ്ഥാനത്തിലാണ് നഗരസഭയ്‌ക്ക് അനുകൂലമായ റിപ്പോര്‍ട്ട് റവന്യു അധികാരികള്‍ നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു.
തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ടി എല്‍ദോ, ജിജോ ചിങ്ങംതറ, കൗണ്‍സിലറായ ആന്റണി പരവര തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്.
















