പാലാ: പാലാ നഗരത്തിന് ഉദ്യാനഭംഗി നിറച്ച് കോളാമ്പി പൂക്കള്‍ നിരന്നു. പാലാ-തൊടുപുഴ റോഡില്‍ കെഎസ്ആര്‍ടിസി, കിടതടിയൂര്‍ പള്ളി കവലയില്‍ നിന്ന് തുടങ്ങുന്ന ബൈപാസിലും നഗരത്തിലുടനീളവും ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് കോളാമ്പിച്ചെടികള്‍ പൂത്തുലഞ്ഞ് മഞ്ഞവര്‍ണ്ണം ചാര്‍ത്തി നില്‍ക്കുന്നത്.
പാലാ നഗരത്തിലേക്കെത്തുന്ന ആരെയും സ്വാഗതം ചെയ്യുന്നത് മഞ്ഞപട്ടുപുതച്ചു നില്‍ക്കുന്ന ഈ ഉദ്യാന കാഴ്ചയാണ്. പാലായെ ഉദ്യാന നഗരിയാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവനാണ് നഗരസഭാതിര്‍ത്തിയിലെ എല്ലാ പ്രധാന പാതകയോരങ്ങളിലും പൂച്ചെടികള്‍ സ്ഥാപിച്ചത്. ചെടിച്ചട്ടികളില്‍ വേണ്ടത്ര സംരക്ഷണയിലും പരിപാലനത്തിലുമായിരുന്നു ചെടികള്‍ സ്ഥാപിച്ചത്. നഗരസഭയിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും കണ്ണിനു സുഖം പകരുന്ന കാഴ്ചയായി മാറുകയാണീ വര്‍ണ്ണ വസന്തം.
















