പത്തനംതിട്ട : റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിവസവും വിജയ് ബിനോയ്ക്ക് സ്വര്‍ണ്ണ തിളക്കം ഏറെയാണ്. തൊട്ടതെല്ലാം പൊന്നാക്കുകയാണ് തുലാപ്പള്ളി പാറയ്ക്കല്‍ വീട്ടില്‍ ബിനോയിയുടെയും ബിന്ദുവിന്റെയും മകന് വിജയ്. നിലയ്ക്കല്‍ മലയോര മേഖലയിലെ കിസുമം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് വിജയ്. കഴിഞ്ഞ വര്‍ഷം സ്കൂള്‍ അടച്ചുപൂട്ടുകയും ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് തുറക്കുകയും ചെയ്ത സ്കൂളാണ് കിസുമം. നിലവില്‍ ഹൈസ്ക്കൂള് വിഭാഗം വരെ 85 കുട്ടികള്‍ മാത്രമാണ് പഠനം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാരായ കുട്ടികളാണ് അധികവും ഈ സ്കൂളില്‍ പഠനം നടത്തുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ കായിക അധ്യാപകരോ പരിശീലനം നടത്തുവാനായി ഗ്രൗണ്ടുകളോ പോലുമില്ല. ഈ സാഹചര്യത്തില്‍ നിന്നാണ് വിജയ് കടന്നു വരുന്നത്. സ്കൂളിലെ മലയാള അധ്യാപകന് ലിയോ ജോസാണ് കായിക മേഖലയില്‍ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്നത്. കായിക മേളയുടെ ആദ്യ ദിനം സബ്ബ് ജൂനിയര്‍ വിഭാഗം ലോങ് ജംപില്‍ സ്വര്‍ണ്ണ തിളക്കത്തോടെയായിരുന്നു വിജയ്യുടെ മെഡല്‍ വേട്ടയുടെ തുടക്കം. രണ്ടാംദിനമായ ഇന്നലെ ഷോട്ട് പുട്ടിലും സ്വര്‍ണ്ണ നേട്ടം കൈവരിച്ചു, കൂടാതെ ഡിസ്കസ് ത്രോയില്‍ രണ്ടാം സ്ഥാനവും നേടാന്‍ സാധിച്ചു. റാന്നി സബ്ബ്ജില്ല സ്കൂള്‍ റണ്ണര്‍ അപ്പ് കൂടിയായിരുന്നു ഈ കൊച്ചുമിടുക്കന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: