സ്വന്തം ലേഖകന്‍
കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര 29 കിലോമീറ്റര്‍ ബൈപാസ് ആറുവരിപാതയാകുന്നു. ഇതിന്റെ വിശദ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) ദേശീയ പാതാ അതോറിറ്റിക്ക് 15 ന് സമര്‍പ്പിക്കും. ഫീഡ് ബാക്ക് എന്ന സ്വകാര്യ ഏജന്‍സിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബൈപ്പാസില്‍ ഏഴ് ഫ്ളൈ ഓവറുകളും ഉണ്ടാകും. വെങ്ങളം, പൂളാടിക്കുന്ന്, വേങ്ങേരി, മലാപ്പറമ്പ്, തൊണ്ടയാട്, പന്തീരാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിലാണ് ഫ്ളൈ ഓവറുകളുണ്ടാവുക.
ആറുവരി പാതക്കുള്ള ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ബൈപ്പാസ് ഇപ്പോള്‍ രണ്ടു വരി മാത്രമാണ്. 15 ന് പഠന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതോടെ പാതാവികസനത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ മാസത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദേശീയ പാതാ അതോറിറ്റി ആലോചിക്കുന്നത്.
ഇതിനിടയില്‍ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ദേശീയപാതാ അതോറിറ്റിക്ക് ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈയെടുക്കാത്തത് കാരണമാണ് ദേശീയപാതാ അതോറിറ്റി പാത ഏറ്റെടുക്കാത്തത്. അതോറിറ്റി റോഡ് ഏറ്റെടുക്കുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിനും റോഡ് നിര്‍മ്മാണത്തിനുമുള്ള സാമ്പത്തിക പരാധീനത പരിഹരിക്കപ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ റോഡുകള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടെങ്കില്‍ വെള്ളിമാട്കുന്ന് റോഡും ദേശീയ പാതാ അതോറിറ്റി ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളും അതോറിറ്റിയുടെ കീഴിലാകും. ആകര്‍ഷകമായ പ്രതിഫലമാണ് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നിലവില്‍ നല്കിക്കൊണ്ടിരിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി റോഡ് വികസന പ്രവര്ത്ത നം സജീവമാക്കുമെന്ന് ഉറപ്പ് വീണ്ടും ലംഘിക്കപ്പെട്ടതോടെ റോഡ് ദേശീയ പാതാ അതോറിറ്റിക്ക് ഏല്‍പ്പിക്കണമെന്ന ആവശ്യത്തിന് ശക്തി വര്‍ദ്ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: