കോഴിക്കോട്: ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമാകാത്ത കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകള്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കാമെന്ന് വീണ്ടും ഉറപ്പ്. ബസ് സര്‍വ്വീസ് ആരംഭിച്ചെങ്കിലും ഇരട്ട ടവറുകളിലെ ഒരു മുറി പോലും വാടകയ്‌ക്ക് നല്‍കാതെ ചുവപ്പു നാടയില്‍ കുടുങ്ങികിടക്കുകയാണ്.
കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി നടപടികള്‍ ത്വരിതപ്പെടുത്താനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗ തീരുമാനം. ഇത് സംബന്ധിച്ച് ഇന്നലെ തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ബസ് ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നടത്തിയ അനിശ്ചിതകാല റിലേ സത്യഗ്രഹത്തെ തുടര്‍ന്നാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ യാഥാര്‍ഥ്യമായെങ്കിലും കെട്ടിടം വാടകയ്‌ക്ക് നല്‍കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്. കോടികള്‍ മുടക്കി നിര്‍മിച്ച രണ്ട് പടുകൂറ്റന്‍ കെട്ടിടങ്ങളാണ് ഒരു രൂപപോലും വരുമാനമില്ലാതെ കിടക്കുന്നത്.കെട്ടിട നിര്‍മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷമായിട്ടും വാടകയ്‌ക്ക് കൊടുക്കാനായിട്ടില്ല. ഒബിടി അടിസ്ഥാനത്തില്‍ ടെര്‍മിനല്‍ നിര്‍മിച്ച കെടിഡിഎഫ്‌സി ഇതുവരെ പൂര്‍ണമായും കെഎസ്ആര്‍ടിസിക്ക് ടെര്‍മിനല്‍ കൈമാറിയിട്ടില്ല.
ടെര്‍മിനലിലെ ബാത്ത്‌റൂം വാടകയില്‍നിന്നും പാര്‍ക്കിങ് ഏരിയയില്‍ നിന്നുമുള്ള വരുമാനം കെടിഡിഎഫ്‌സിക്കാണ് ലഭിക്കുന്നത്. ടെര്‍മിനല്‍ പൂര്‍ണ്ണമായി സജ്ജമാക്കുന്നതിനായി ചെയ്ത് തീര്‍ക്കേണ്ട പ്രവൃത്തികള്‍ ഉന്നതതല യോഗത്തില്‍ സമയക്രമം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.
















