പുനലൂര്‍: ഗുരുവായൂരിലേക്ക് പുനലൂരില്‍ നിന്നും സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്പാസഞ്ചര്‍ ബസ് സ്ഥിരമായി സര്‍വീസ് മുടക്കുന്നു. ഉച്ചയ്‌ക്ക് ഒന്നരയുടെ സര്‍വീസാണ് നിത്യേന മുടങ്ങുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. പത്തനാപുരം, പത്തനംത്തിട്ട, കോട്ടയം, മൂവാറ്റുപുഴ വഴി പോകുന്ന സര്‍വീസ് മുടങ്ങിയത് യാത്രക്കാരെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
പുനലൂരില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക് പോകുന്ന യാത്രക്കാരുടെ ഏക ആശ്രയമാണ് ഗുരുവായൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്. ഡിപ്പോയിലെ യൂണിയനുകളുടെ നിലപാടാണ് ബസ് മുടങ്ങാന്‍ കാരണമെന്ന് പറയപ്പെടുന്നു. പ്രതിദിനം മുപ്പതിനായിരം രൂപ കളക്ഷന്‍ ലഭിക്കുന്ന ബസ് സര്‍വീസാണ് നിര്‍ത്തിയിരിക്കുന്നത്. ഇതുമൂലം വന്‍നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്. പ്രതിമാസം സര്‍വീസ് മുടങ്ങുന്നത് മൂലം ഒമ്പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍വീസ് മുടങ്ങിയിട്ട് ഒരുമാസമാകുന്നു. ഗുരുവായൂര്‍ സര്‍വീസില്‍ ഡ്യൂട്ടിക്ക് പോയിവരുന്ന ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും രണ്ട് ഡ്യൂട്ടികള്‍ മാത്രമാണ് ലഭിക്കുന്നതെന്ന കാരണത്താലാണ് ജീവനക്കാര്‍ സര്‍വീസ് ഓപ്പറേറ്റ് ചെയ്യാത്തത്. എന്നാല്‍ രണ്ടു ഡ്യൂട്ടികള്‍ വീതം മാത്രം ലഭിക്കുന്ന പത്തനംത്തിട്ട പാലക്കാട് സൂപ്പര്‍ ഫാസ്റ്റ്, ആറ്റിങ്ങല്‍-ഗുരുവായൂര്‍ സൂപ്പര്‍ഫാസ്റ്റ്, കായംകുളം-ഗുരുവായൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് എന്നിവ കൃത്യമായി സര്‍വീസ് നടത്തുന്നുണ്ട്.
പുനലൂര്‍-ഗുരുവായൂര്‍ ഫാസ്റ്റ് പോലെ തന്നെ ഉച്ചക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 12.30ന് മുമ്പ് സര്‍വീസ് അവസാനിപ്പിക്കുന്ന ഷെഡ്യൂളുകളാണ് ഇവയെന്നതും ശ്രദ്ധേയമാണ്. ഗുരുവായൂര്‍ ഫാസ്റ്റില്‍ ഡ്യൂട്ടി ചെയ്യാന്‍ തയാറായി മുന്നോട്ടുവരുന്ന ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും യൂണിയനുകള്‍ ഇടപെട്ട് പിന്തിരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍മാസ്റ്റര്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള ജീവനക്കാര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രണ്ട് ഡ്യൂട്ടിക്ക് വേണ്ടി ഗുരുവായൂര്‍ സര്‍വീസില്‍ ഡ്യൂട്ടി ചെയ്യരുതെന്ന് ജീവനക്കാരെയെല്ലാം യൂണിയനുകള്‍ വിലക്കിയിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെ തൊഴിലാളിയൂണിയനുകള്‍ ഒറ്റപ്പെടുത്തുന്നതായും പരാതിയുണ്ട്.
















