കൊല്ലം: ജഡ്ജിമാര്‍ വിചാരിച്ചാല്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഒരുനിമിഷം കൊണ്ടു തീര്‍ക്കാവുതേയുള്ളൂവെന്ന് സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ അഭിഭാഷകരുടെ കൊള്ളരുതായ്‌മകള്‍ക്കു ഒത്താശ ചെയ്യുകയാണു ജഡ്ജിമാര്‍ ചെയ്യുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന വി.ലക്ഷ്മണന്റെ ചരമവാര്‍ഷികഭാഗമായി കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സെബാസ്റ്റ്യന്‍പോള്‍.
ഒത്തുകളിക്കുവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള സ്ഥലമാണു കോടതി. പ്രതികളുടെ വക്കീലും വാദികളുടെ വക്കീലും ഒത്തുകളിച്ചു കേസുകള്‍ അട്ടിമറിക്കപ്പെടാം. പലതും സംഭവിക്കുമ്പോള്‍ തിരുത്തലുകളുണ്ടാകുന്നതു മാധ്യമ നിരീക്ഷണം അവിടെ ഉണ്ടാകാറുള്ളതു കൊണ്ടാണ്. വന്‍കിട കമ്പനികള്‍ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതുള്‍പ്പെടെ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പലതും സംശയിക്കേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒട്ടേറെ കേസുകള്‍ കോടതിയില്‍ നടക്കുകയാണ്. അവിടെ എന്താണു സംഭവിക്കുന്നതെന്ന് ആരും അറിയുന്നില്ല. അടുത്തിടെ മൂന്നാര്‍ഭൂമി കയ്യേറ്റകേസില്‍ ഒരു കമ്പനി സ്റ്റേ ഓര്‍ഡര്‍ വാങ്ങി സ്‌പെഷ്യല്‍ ഓഫീസര്‍ക്കു കൈമാറിയപ്പോഴാണു വിഷയമറിയുന്നത്. സര്‍ക്കാര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇത് ഒരു ഉദാഹരണം മാത്രമാണ്.
രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട സൗമ്യ കേസിന്റെ വാദം തുറന്ന കോടതിയില്‍ നടക്കുമ്പോള്‍ പോലും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതു വളരെ ഗൗരവകരമായി കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തിന്റെ സാമൂഹിക ചരിത്രം പൂര്‍ണമായും അറിയാവുന്ന പത്രപ്രവര്‍ത്തകന്‍ ആയിരുന്നു വി.ലക്ഷ്മണനെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത നാഷണല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സി.വി.ആനന്ദബോസ് പറഞ്ഞു. ചടങ്ങില്‍ ലക്ഷ്മണന്‍ സ്മാരക ജേര്‍ണലിസം അവാര്‍ഡു നേടിയ കാര്‍ത്തിക വി.പിക്ക്, സി.വി.ആനന്ദബോസ് ഉപഹാരം വിതരണം ചെയ്തു. പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമ്മാനിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി.വിമല്‍ കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ പ്രദീപ്ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
















