പട്ടാമ്പി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നിരോധനം അനധികൃതമായി പണം സമ്പാദിച്ച നാടന്‍ ബ്ലേഡ് മാഫിയയെ വെട്ടിലാക്കി. ബാങ്കിലൂടെയല്ലാതെ ഊഹ കച്ചവടത്തിലൂടെയും ബിനാമിയിലൂടെയും മറ്റും പണം സമ്പാദിച്ചവരും കൊള്ളപ്പലിശക്കാരുമാണ് പണം എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നത്. ബാങ്കില്‍ നിന്ന് പലിശവാങ്ങുന്നത് തെറ്റാണന്ന് വിശ്വസിക്കുന്നവര്‍ ഉള്‍പ്പെടെയുളളവര്‍ വീട്ടിലാണ് പണം സൂക്ഷിക്കുന്നത്. നിരോധനം വന്നതോടെ ഇവരും പരിഭ്രാന്തരായിരിക്കുകയാണ്.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് മാഫിയ, ബ്ലേഡ് മാഫിയ, ചിട്ടികമ്പനിക്കാര്, നിയമനങ്ങളിലൂടെയും മറ്റും ലക്ഷങ്ങള്‍ സമ്പാദിച്ച സ്ഥാപന മാനേജ്മെന്റ് ഉടമകള്‍ എന്നിവരാണ് കുടുങ്ങിയത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രേഖാമൂലമുളള പണമല്ല ഉപയോഗിക്കുന്നത്. പലയിടത്തും കോടികള്‍ മുടക്കിയുളള ആഡംബര വീടുകളാണ് നിര്‍മ്മിക്കപ്പെടുന്നത്. ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്ന പല വീടുകളും ഒരു കോടിക്ക് മുകളിലാണ് നിര്‍മ്മാണം നടക്കുന്നത്.
ഇതിന് പുറമെ വില്ലകളുടെ നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം എന്നിവയും അനധിക്ൃത സമ്പാദ്യം ഉപയോഗിച്ച് നടക്കുന്നുണ്ട്. ഒരു വീട്ടീല് രണ്ടും മൂന്നും കാറുകള്‍ ഉളളവരുമുണ്ട്. ബന്ധുക്കളുടെ ബിനാമി പേരില്‍ സ്ഥലം വാങ്ങികൂട്ടിയവര്, സെന്റ് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലങ്ങള്‍ ആധാരത്തില്‍ 20000 രൂപവരെ കാട്ടി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പേരിലുളള ബാങ്ക് അക്കൗണ്ടുകളുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിവയും നിരീക്ഷപ്പെടുന്നുണ്ട്.
ലക്ഷങ്ങളുടെ കച്ചവടം നടത്തിയിട്ടും രേഖയില്‍ ദിവസം പതിനായിരം രൂപ പോലും കാണിക്കാത്തവരും നിരീക്ഷണപട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്. പട്ടണങ്ങളില്‍ ഹവാല പണം ഉപയോഗിച്ചുളള കച്ചവടങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്നതിനാലാണ് ഇത്തരക്കാര്‍ ഗ്രാമീണ മേഖലയില്‍ താവളം തേടിയത്. ഈ മേഖലയില്‍ ക്വാറികള്‍ നടത്തുന്നവരും പണത്തിന്റെ വരവ് കാണിക്കാന്‍ കഴിയാത്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: