കൊല്ലങ്കോട്: പരിസ്ഥിതി ദുര്‍ബല പ്രദേശമായ കൊല്ലങ്കോട് തെന്മലയോരത്തെ എലവഞ്ചേരി വില്ലേജിലെചാത്തന് പാറ, പറശ്ശേരി, തോണിപ്പാടം, കൊല്ലങ്കോട് വില്ലേജ് രണ്ടിലെ വാഴപ്പുഴ, മണ്ണാമ്പള്ളം പ്രദേശത്ത് അനധികൃത ഇഷ്ടിക നിര്‍മ്മാണം നടത്തിയതിനും കലക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി റവന്യൂ വകുപ്പിനു കൈമാറിയ ഇഷ്ടികചൂളകളില്‍ നിന്നും അനുമതിയില്ലാതെ ഇഷ്ടിക മോഷണം നടത്തി കടത്തിയതിലും 10 പേര്‍ക്കെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. എലവഞ്ചേരി വില്ലേജ് ഓഫീസറുടെ പരാതിയെതുടര്‍ന്നാണ് കേസെടുത്തത്.
ഇഷ്ടിക കടത്തികൊണ്ടു പോയതിനും മോഷണകുറ്റത്തിനുമായി അബ്ദുള്‍ അസീസ് കുണ്ടില്‍ ഹൗസ് തൃക്കാക്കര എറണാകുളം, അബ്ദുള്‍ റഷീദ് മാനേലി ഹൗസ് ആലുവ എന്നിവര്‍ക്കെതിരെയും അനധികൃതമായി ഇഷ്ടിക നിര്‍മ്മാണവും മണ്ണ് ഖനനവും റവന്യൂ വകുപ്പിന്റെ ഉത്തരവ് മറികടന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനുമായി ചേര്‍പ്പ് സ്വദേശി ഹസീന, തൃശ്ശൂര്‍ സ്വദേശികളായ ജോബി, ജോളി, ബദറുദ്ദീന്‍, കൊല്ലങ്കോട് സ്വദേശികളായ സുലൈമാന്‍, യാക്കൂബ്, ആലുവ സ്വദേശികളായ സന്തോഷ്, നസീര്‍, ഹനീഫ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജില്ലാകളക്ടര്‍, എഡിഎം ഉള്‍പ്പെടെയുള്ള റവന്യുസംഘം ജൂണ്‍ 10ന് നടത്തിയ പ്രത്യേക പരിശോധനയില്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അനധികൃതമായി ഇഷ്ടിക കളങ്ങള്‍ പ്രവത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. അനധികൃത മണ്ണ്ഖനനം പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് ഭീഷണിയായി തുടരുന്നതായും സംഘം വിലയിരുത്തി. സംസ്ഥാന സര്‍ക്കാറിന്റെ കൃഷിഭൂമി സംരക്ഷണ നിയമയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് ജില്ലാ കലക്ടര്‍ മേരിക്കുട്ടി വ്യക്തമാക്കി. അനധികൃത ഇഷ്ടികകളവും ചൂളകളും കണ്ടു കെട്ടി നിര്‍മ്മിതികേന്ദ്രം ഏറ്റെടുക്കുന്നതിനായി നിര്‍ദ്ദേശം നല്‍കുമെന്നും പരിശോധന സംഘത്തിലുണ്ടായ എ.ഡി.എം ഡോ: ജെ.ഒ അരുണ്‍ വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ പിടിച്ചെടുത്ത ഇഷ്ടിക ചൂളകള്‍ റവന്യൂ വകുപ്പിനു കൈമാറിയിരുന്നു. എന്നാല്‍ 2.5 ലക്ഷം ഇഷ്ടികകളുള്ള ചൂളയില്‍ 7000 ഇഷ്ടികയും രണ്ട് ലക്ഷം ഇഷ്ടികകള്‍ ഉള്ളതില്‍ 2950 ഇഷ്ടികകളും മാത്രമാണ് നിര്‍മ്മിതി കേന്ദ്രത്തിലേക്ക് മാറ്റിയത്. ബാക്കിയെല്ലാം ചൂള ഉടമകള്‍ അനധികൃതമായി കടത്തികൊണ്ടു പോയിരുന്നതായി റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: