വടക്കഞ്ചേരി: മംഗലംഡാം കടപ്പാറയില്‍ കാടിന്റെ മക്കള്‍ ഭൂമിക്കുവേണ്ടി നടത്തുന്ന സമരം മുന്നൂറ് ദിവസം പിന്നിട്ടു. കളക്ടര്‍ ഇടപെട്ട് സമരക്കാര്‍ക്ക് ഭൂമി അനുവദിക്കാന്‍ ധാരണയുണ്ടാക്കിയെങ്കിലും വനം വകുപ്പിന്റെ പടിവാശിമൂലം നടപടികള്‍ എങ്ങുമെത്തിയില്ല.
വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബങ്ങള്‍ ഭൂമി ലഭിക്കുന്നതിനായി 2008 ല്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നടപടി ഒന്നുമായില്ല. കടപ്പാറ കോളനിയിലെ കല്ലിടുക്കില്‍ റവന്യു പുറമ്പോക്കിലെ 40 സെന്റ് സ്ഥലത്ത് 22 കുടുംബങ്ങള്‍ ദുരിതജീവിതം സഹിച്ച് മടുത്താണ് സമരത്തിനിറങ്ങിയത്. കഴിഞ്ഞ ജനുവരി 15 മുതലാണ് കുടില്‍കെട്ടി സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ കുടില്‍ കെട്ടിയുള്ള സമരം സമാധാനപരമായി നീങ്ങി. എന്നാല്‍ അധികൃതര്‍ ശ്രദ്ധിക്കാതെ വന്നപ്പോള്‍ വനഭൂമിയിലെ നൂറോളം മരങ്ങള്‍ മുറിച്ചിട്ട് സമരം ശക്തമാക്കിയതോടെ ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
വനത്തിനുള്ളില്‍ തടസ്സങ്ങളെല്ലാം നീക്കി കടപ്പാറയിലെ 22 വനവാസി കുടുംബങ്ങള്‍ക്ക് 60 സെന്റ് ഭൂമി വീതം പതിച്ച് നല്കാന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലവല്‍ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. ഊരുകൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമകമ്മിറ്റിയും ഡിവിഷന് കമ്മിറ്റിയും യോഗം ചേര്‍ന്ന് വനവാസികള്‍ക്ക് ഭൂമി നല്കാന് നടപടി സ്വീകരിക്കണമെന്നു ഡിസ്ട്രിക്ട് ലവല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
താലൂക്ക് സര്‍വേ ടിം മൂര്‍ത്തിക്കുന്ന് വനമേഖലയില്‍ ഇതിന്റെ ഭാഗമായി 14.67 ഏക്കര്‍ വനഭൂമി അളന്ന് തിരിച്ചു.ഓരോ കുടുംബത്തിനും 60 സെന്റ് നല്‍കിയതിനു ശേഷമുള്ള 1.47 ഏക്കറില്‍ റോഡ്, ശ്മശാനം, കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, കുടിവെള്ള ടാങ്ക് സ്ഥാപിക്കല്‍ എന്നിവ നടത്താനും തീരുമാനിച്ചു. ഇതിന് വനംവകുപ്പും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
വനഭൂമി പതിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വനംവകുപ്പ് കരണം മറിഞ്ഞു.ഭൂമി അളന്ന് തിരിക്കാന്‍ സര്‍വേ കല്ല് വരെ സ്ഥലത്തെത്തിച്ചപ്പോഴാണ് പുതിയ തടസ്സവാദവുമായി വനംവകുപ്പെത്തിയത്. വനഭൂമി പതിച്ച് നല്‍കുന്നതിനുള്ള മുഴുവന്‍ വ്യവസ്ഥകളും പാലിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. ഇതോടെ നടപടികള്‍ നീളുകയാണ്. ജില്ലാ കളക്ടര്‍ വനംവകുപ്പിന്റെ പുതിയ നിലപാട് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: