സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ നേടിയ ഒരു രാജ്യം സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കാനൊരുങ്ങുന്ന ഈ വേളയിലും അര്‍ദ്ധപട്ടിണിക്കാരുടെയും അശരണരുടെയും നാടായി തുടരുന്നതിന്റെ ഒരു പ്രധാന കാരണം ഇവിടെ നിലനില്‍ക്കുന്ന കള്ളപ്പണത്തിന്റെയും കള്ളപ്പണക്കാരുടെയും ബാഹുല്യവും അവര്‍ക്ക് ഭീകരവാദികളും അവരെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധവുമാണ്.
ലോക സാമ്പത്തിക ഭൂപടത്തില്‍ തിളങ്ങുന്ന താരമായിത്തീരാനുള്ള ഭഗീരഥപ്രയത്നത്തിലാണ് പുതിയ ഭരണത്തിന്റെ കീഴില്‍ നമ്മുടെ രാജ്യം. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദവും അതിര്‍ത്തി പ്രദേശങ്ങളില്‍ അയല്‍ രാജ്യത്തിന്റെ ബോധപൂര്‍വ്വമായ കടന്നുകയറ്റങ്ങളും അതുണ്ടാക്കുന്ന സംഘര്‍ഷങ്ങളും കടുത്ത നിലപാടുകളിലേക്കും നടപടികളിലേക്കും ഭരണകര്‍ത്താക്കളെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതിര്‍ത്തി കടന്നുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്, രാജ്യത്തുള്ള കള്ളപ്പണവും കള്ളനോട്ടുകളുമാണെന്നാണ് കണ്ടെത്തല്‍. ഇവ തടയാനുള്ള ദൂരവ്യാപകമായ ഫലമുളവാക്കുന്നതും ദീര്‍ഘവീക്ഷണത്തോടെയുമുള്ള നടപടിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്സിനോട്ടുകള്ക്ക് ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ കടലാസിന്റെ വില പോലും ഉണ്ടായിരിക്കുന്നതല്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഈ നോട്ടുകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്നത് കള്ളപ്പണക്കാരും കള്ളനോട്ട് വ്യാപാരികളും ഭീകരവാദികളുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇവയുടെ വിതരണം തടയാനുദ്ദേശിച്ചുള്ള ഈ നടപടികളെ പ്രഥമ പൗരനായ രാഷ്ട്രപതിമുതല്‍ സാധാരണക്കാരായ സകല ജനങ്ങളും സ്വാഗതം ചെയ്യുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റ്കാരും പതിവ് ശൈലിയില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
കള്ളപ്പണവും കള്ളനോട്ടും തടയാനും, അവ ഉപയോഗിച്ചുള്ള രാജ്യദ്രോഹപ്രവര്‍ത്തനവും ഭീകരവാദവും നടത്താനുള്ള വിധ്വംസകശക്തികളുടെ കുത്സിത പ്രവര്ത്തനത്തിനെതിരെയുമുള്ള കൃത്യമായുള്ള നടപടിയാണ് മോദിയില്‍ നിന്നുണ്ടായിരിക്കുന്നത്. രാജ്യമൊന്നടങ്കം വിസ്മയത്തോടും വീര്പ്പടക്കിക്കൊണ്ടുമാണ് അത്യപൂര്‍വ്വമായ ഈ വാര്‍ത്ത ശ്രവിച്ചത്. സന്ദര്‍ഭോചിതമായ ധീരമായ നടപടിയായാണ് പത്രമാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്.
ജനത്തിന് താല്‍ക്കാലികമായി ചെറിയ പ്രയാസമുണ്ടാകുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടി രാജ്യതാല്പര്യത്തിന് അനുഗുണമാണ്. ദീര്‍ഘനാളായി പരിഗണയിലുണ്ടായിരുന്ന ഒരു പ്രശ്നമായിട്ടുപോലും അവസാന നിമിഷം വരെ അതിന്റെ രഹസ്യ സ്വഭാവം കൈവിടാതെ കൈകാര്യം ചെയ്തത് തികച്ചും മോദി ശൈലിയിലായി. മോദി എന്ന രാഷ്ട്ര തന്ത്രജ്ഞന്റെ ധൈര്യവും സ്ഥൈര്യവും ഉറച്ചതീരുമാനമെടുക്കാനുള്ള കഴിവും നടപടി വ്യക്തമാക്കുന്നു.
കള്ളപ്പണം കൈവശം വെയ്ക്കുന്നവരെയും വ്യാജനോട്ടുകള്‍ നിര്‍മ്മിക്കുന്നവരെയും അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന ദേശീയ പാര്‍ട്ടികളുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കളെയും അമ്പരപ്പിച്ചുകൊണ്ടാണ് ഈ തീരുമാനം. ജനസമ്മതിയുള്ള ഈ തീരുമാനത്തെ നേരിട്ട് എതിര്‍ക്കാനുള്ള മടികാരണം സാങ്കേതികത്വത്തിന്റെയും പൊതുജന താല്പര്യത്തിന്റെയും മറപിടിച്ചുള്ള ചില നേതാക്കളുടെ പ്രസ്താവനകള്‍ തീര്‍ത്തും നിറംകെട്ടതായി.
താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ പെരുപ്പിച്ച് കാണിക്കാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പതിവ് പരിപാടികളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ തന്ത്രപരമായ സമീപനം സഹായിച്ചു. അത്യാവശ്യകാര്യങ്ങള്‍ക്ക് 72 മണിക്കൂര്‍ തത്സ്ഥിതി തുടരാന്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് സൗകര്യമൊരുക്കിയാണ് തീരുമാനം കൈകൊണ്ടത്. കറന്‍സിയിതര ഇടപാടുകള്‍, ചെക്കുകള്‍, ഡിമാന്റ് ഡ്രാഫ്റ്റുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇലക്ടോണിക് ട്രാന്‍സ്ഫറുകള്‍ എന്നിവയ്ക്ക് തത്സ്ഥിതി തുടരാനും അനുമതി നല്‍കിയിരുന്നു. എന്നിട്ടും എല്ലാത്തിനെയും രാഷ്ട്രീയമായി കാണുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവി വര്‍ഗ്ഗവും ഭീകരവാദം സ്പോണ്സര് ചെയ്യുന്ന, വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഇറക്കിയ പ്രസ്താവനകള്‍ ജനം പുച്ഛിച്ച് തള്ളുകയായിരുന്നു. നവമ്പര്‍ പത്ത് മുതല്‍ ഡിസമ്പര്‍ മുപ്പത് വരെ സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഉത്സവമാഘോഷിക്കുന്നവര്ക്കും ഓരോ ദിവസവും പതിനായിരം രൂപ എന്ന തോതില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും രൂപ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കാനോ കാശാക്കി മാറ്റാനോ ഉള്ള സംവിധാനമൊരുക്കിയാണ് സര്‍ക്കാര്‍ ഈ കടുത്ത തീരുമാനമെടുത്തത്. നിക്ഷേപകര്‍ അവരുടെ ആധാര്‍കാര്‍ഡോ പാന്‍ കാര്‍ഡോ കാണിക്കണം എന്നതാണ് നിബന്ധനയായി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഇത് പുതിയ കാര്യമല്ല. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിക്ക് ശേഷം എഴുപത്തിരണ്ടുമണിക്കൂര്‍ സമയം റെയില്‍, ഹോസ്പിറ്റല്‍, സര്‍ക്കാര്‍ ബസുകള്‍, പെട്രോള്‍ പമ്പുകള്‍, എന്നിവിടങ്ങളില്‍ പഴയ നോട്ടുകള്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. കൂടാതെ രണ്ടു ദിവസത്തിനകം നിരവധി സുരക്ഷാ സംവിധാനങ്ങളോടെയുള്ള അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ രാജ്യത്തെമ്പാടും വിതരണം ചെയ്യാനുമുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുമുണ്ട്.
കടുത്ത നടപടികള്‍ ചിലപ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. കടുത്ത രോഗങ്ങള്‍ക്ക് കയ്പ്പുള്ള കഷായമാണ് ആയുര്‍വേദ വിധി. തീരാവ്യാധികള്‍ക്ക് വേദനയോടെയുള്ള സര്‍ജറി മാത്രമാണ് അലോപ്പതിയിലും ചികിത്സ. അതിര്‍ത്തിക്കപ്പുറത്ത് നിന്നു പാക്കിസ്ഥാന്‍പോലുള്ള രാജ്യങ്ങള്‍ ഭീകരവാദികളെ കൂട്ടുപിടിച്ചു നടത്തുന്ന സംഘര്‍ഷങ്ങള്‍ക്ക് കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും സഹായം കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ ആവശ്യമായി വരുന്നത് സ്വാഭാവികമാണ്. ഇന്ത്യന്‍ സമുദ്ര തീരങ്ങളില്‍ കള്ളനോട്ടുകള്‍ കയറ്റിയ കണ്ടൈനറുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അവയിള് കടത്തിക്കൊണ്ടു വരുന്നത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഇന്ത്യന്‍ കള്ളനോട്ടുകളാണ് എന്നു കണ്ടെത്തുമ്പോള്‍ നോട്ടടിക്കാനുപയോഗിക്കുന്ന മഷി കയറ്റിവരുന്ന കണ്ടൈനറടക്കം അപ്രത്യക്ഷമാകുമ്പോള്‍ സര്‍ക്കാരിന്റെ മുന്നില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് സ്വാഭാവികമായി തീരുന്നു.
രാജ്യസുരക്ഷയെയും രാജ്യത്തിന്റെ പരമാധികാരത്തെയും ഭീകരവാദികളും അവരെ സഹായിക്കുന്ന കള്ളപ്പണക്കാരും കള്ളക്കമ്മട്ടക്കാരും ചോദ്യം ചെയ്തു തുടങ്ങിയിട്ട് സ്വാതന്ത്ര്യത്തോളം നാളുകളായി. ഇവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ നാളിതുവരെ ഭരണാധികാരികകള്‍ ഭീകരവാദി ബന്ധമുള്ള വോട്ടുബാങ്കുകളെയും ഭരണം താങ്ങി നിര്‍ത്തുന്ന കൂട്ടുകക്ഷികളെയും ഭയപ്പെട്ടു. താടിയുള്ള അപ്പനെ പോലും പേടിയില്ലാത്ത ഒരു സാഹചര്യമാണ് രാഷ്ട്രീയത്തില്‍ നാളിത് വരെയുണ്ടായത്. താടിയും മീശയും തലപ്പാവുമൊക്കെയുള്ള ഭരണാധികാരികള്‍ രാജ്യതലപ്പത്ത് നമുക്കുണ്ടായിട്ടുണ്ട്. എന്നാല്‍ അവസരത്തിനൊത്ത് കടുത്ത തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍ കുറവായിരുന്നു. ഈ സാഹചര്യത്തിലാണ്, വോട്ട് ബാങ്കിനെ പേടിക്കാത്ത, കൂട്ടുകക്ഷികളുടെ കാര്‍ക്കശ്യത്തിന് വഴങ്ങാത്ത, വെട്ടിയൊതുക്കിയ താടിയുള്ള ഒരു പ്രധാനമന്ത്രി കടുത്ത തീരുമാനമെടുക്കുമ്പോള്‍ രാജ്യം കൂടെ നില്‍ക്കുന്നത്. ധീരമായ നടപടി എന്നാണ് ഈ നടപടിയെ രാഷ്ട്രപതി വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ നിരന്തരമായി അലോസരപ്പെടുത്തുന്ന കള്ളപ്പണക്കാരെ പുറത്തുകൊണ്ടുവരാന്‍ ഇതത്യാവശ്യമാണെന്നാണ് പ്രഥമപൗരന് മുതല്‍ സാധാരണ പൊതുജനം വരെ വിശ്വസിക്കുന്നത്. താത്കാലിക അസൗകര്യങ്ങളില്‍ പരിഭ്രാന്തരാകാതിരിക്കാനും രാഷ്ട്രപതി ആഹ്വാനം ചെയ്യുന്നു.
(കൊച്ചി സര്‍വ്വകലാശാല മാനേജ്മെന്റ് വിഭാഗത്തിലെ മുന്‍ പ്രഫസറും ദല്‍ഹി ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: