ന്യൂദല്‍ഹി: റദ്ദാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 2,300 കോടി കറന്‍സി നോട്ടുകള്‍ ഇന്നു മുതല്‍ രാജ്യത്തെ ബാങ്കുകളിലെത്തിത്തുടങ്ങും. ഒന്നേകാല്‍ ലക്ഷത്തോളം ബാങ്ക് ശാഖകള്‍ വഴി പഴയ നോട്ടുകള്‍ മാറി പുതിയവ വാങ്ങാം. എന്നാല്‍, ബാങ്കുകളിലെത്തുന്ന കണക്കില്‍ പെടാത്ത പണത്തിന് നികുതി ഈടാക്കുമെന്ന് കേന്ദ്രധനമന്ത്രി അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിന് ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാക്കിയിട്ടുണ്ട്.
നികുതിയടക്കാത്ത വ്യക്തികള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ബാങ്കുകളില്‍ മാറാം. അതില്‍ കൂടുതല്‍ തുക എത്തുകയാണെങ്കില്‍ നികുതി ഈടാക്കും. നികുതി ദായകര്‍ മാറ്റിയെടുക്കുന്ന 50,000 രൂപ വരെയുള്ള തുകകള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കരുതിവെച്ച തുകയായി കണക്കാക്കി നികുതിയിനത്തില്‍ ഉള്‍പ്പെടുത്തില്ല.
നിര്‍ദ്ദിഷ്ട ഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖയ്ക്കൊപ്പം നോട്ടുകള്‍ നല്‍കണം. 4,000 രൂപ വരെ ഇത്തരത്തില്‍ ഒരു തവണ മാറ്റിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അക്കൗണ്ടില്‍ നിന്നും ദിവസം പതിനായിരം രൂപയും ഒരാഴ്ച 20,000 രൂപയും പിന്‍വലിക്കാവുന്നതാണ്. എടിഎമ്മുകളില്‍ നിന്നും രണ്ടായിരം രൂപ വീതം ഇന്ന് മുതല്‍ പിന്‍വലിക്കാം. നവംബര്‍ 18ന് ശേഷം പ്രതിദിനം 4,000 രൂപ വീതം പിന്‍വലിക്കാം. എടിഎമ്മുകളില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ നോട്ടുകള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ 500, 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കൂടുതല്‍ ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ എത്തിത്തുടങ്ങും. പുതിയ നോട്ടുകള്‍ എത്താത്ത ബാങ്ക് ശാഖകളില്‍ നൂറു രൂപ നോട്ടുകള്‍ പരമാവധി വിതരണം ചെയ്യും.
പുതിയ രണ്ടായിരം രൂപ നോട്ടുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷേധിച്ചു. ബാങ്ക് അക്കൗണ്ടുകളില്ലാത്ത എല്ലാവര്ക്കും ഇന്ന് മുതല്‍ പുതിയ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: