മൂവാറ്റുപുഴ: വിദ്യാര്‍ത്ഥികളിലെ ശാസ്ത്രീയമായ കഴിവുകളെ വളര്‍ത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുന്നതിലൂടേയും സമൂഹത്തിന്റേയും രാജ്യത്തിന്റേയും വികസനവും വളര്‍ച്ചയും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യമിട്ട് അത്ഭുതങ്ങളും കൗതുകങ്ങളും നിറച്ച റവന്യൂജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് തുടക്കമായി. രാവിലെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്മാന് പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുള്‍സലാം, സിന്ധു ഷൈജു, സെലിന് ജോര്‍ജ്, സി.എം.ഷുക്കൂര്‍, ആര്‍ഡിഡി കെ.ഗോകുല്‍കൃഷ്ണന്‍, ലിജി ജോസഫ്, സിസ്റ്റര്‍ ഗ്ലോറി, സിസ്റ്റര്‍ റാണി ജോസ്, അദ്ധ്യാപക സംഘടനാ പ്രതിനിധി ടി.വി.പീറ്റര്‍, എസ്.സന്തോഷ് കുമാര്‍, പി.എ.കബീര്‍ എന്നിവര്‍ സംസാരിച്ചു.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ശാസ്ത്രമേള നിര്‍മ്മല ഇഎംഎച്ച്എസ്എസിലും ഗണിതശാസ്ത്രമേള എസ്എന്‍ഡിപി സ്കൂളിലും സാമൂഹ്യശാസ്ത്രമേള, ഐടി മേള എന്നിവ സെന്റ് അഗസ്റ്റ്യന്‍സ് എച്ച്എസ്എസിലും പ്രവൃത്തി പരിചയമേള തര്‍ബിയത്ത് സ്കൂളിലും മേഖലാ വൊക്കേഷണല്‍ എക്സ്പോ ഗവ. മോഡല്‍ സ്കൂളിലും തുടങ്ങി. മത്സരം ഇന്ന് വൈകിട്ട് നാലോടെ സമാപിക്കും. സമാപനസമ്മേളനം ജോയ്സ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനവിതരണം എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വഹിക്കും.
ജില്ലയിലെ 900 സ്കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികളാണ് ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്. എറണാകുളം-കോട്ടയം ജില്ലകളില്‍നിന്നുള്ള 65 വിഎച്ച്എസ് സ്കൂളുകളില്‍നിന്നുള്ള എക്സ്പോ വിഭാഗത്തിലും പങ്കെടുക്കുന്നുണ്ട്.
















