കൊച്ചി: ചേരികളില്‍ താസമിക്കുന്നവരെ പുനഃരധിവസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ കൊച്ചി കോര്പറേഷന് നടപ്പാക്കുന്ന പാര്‍പ്പിട പദ്ധതി മുടങ്ങിയത് സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
വിശദീകരണം നല്കാന് കോര്പറേഷന് സമയം നീട്ടി ചോദിച്ചു. എന്നാല്‍ 15 നകം മറുപടി സത്യവാങ്മൂലമായി സമര്‍പ്പിച്ചില്ലെങ്കില്‍ 16ന് കൊച്ചി കോര്പറേഷന് സെക്രട്ടറിയും കേരള സംസ്ഥാന അര്‍ബന്‍ ഹൗസിംഗ് മിഷന് ഡയറക്ടറും നേരിട്ട് ഹാജരാകാനാണ് കോടതി നിര്‍ദേശം. രാജീവ് ആവാസ് യോജന പ്രകാരം 2013 ഡിസംമ്പറില്‍ കേന്ദ്ര മോണിറ്ററിംഗ് ആന്റ് സാങ്ഷനിംഗ് കമ്മറ്റി 67.62 കോടി രൂപയാണ് കൊച്ചി ചേരി നിര്മ്മര്ജ്ജനത്തിന് അനുവദിച്ചത്.
കേന്ദ്ര വിഹിതമായ 18 കോടിയില്‍ ഏഴ് കോടി കോര്പറേഷന് കൈമാറുകയും ചെയ്തു. ഇതില്‍ നിന്നും 34 ലക്ഷം രൂപയോളം കോര്പറേഷന് കണ്‍സള്‍ട്ടിംഗ് ഫീസിനത്തില്‍ ചിലവഴിച്ചു.
2014 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതികാനുമതി ലഭിച്ചിട്ട് രണ്ട് വര്‍ഷത്തിലധികം കഴിഞ്ഞിട്ടും 398 ഭവന രഹിത കുടുംബങ്ങള്‍ക്കുള്ള പദ്ധതി ആരംഭിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പദ്ധതിയുടെ കാലാവധി 2017 മാര്‍ച്ചില്‍ അവസാനിക്കും. 2016 ഡിസംമ്പറിന് ശേഷം പദ്ധതി പ്രകാരം തുകയൊന്നും സംസ്ഥാന സര്‍ക്കാരിന് കൈമാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രണ്ട് മാസത്തിനകം പദ്ധതി ആരംഭിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള 11 കോടി ലഭിക്കാതാകും. അതിനാല്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സണ്‍റൈസ് കൊച്ചിക്ക് വേണ്ടി സെക്രട്ടറി ജെയഫിന് കരീം ഹരജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: