തൊടുപുഴ: കോളേജ് പരിസരത്ത് നിന്നും ഒളിപ്പിച്ച് വെച്ചിരിന്ന കഞ്ചാവുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പിടിയില്‍. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കോളേജിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ പഠിക്കുന്ന 16 വയസുകാരനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് വലയിലാക്കിയത്. 590 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കോളേജ് പരിസരത്തുള്ള കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കൂടിനകത്ത് പൊതിഞ്ഞാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി പിടിയിലായത്.
തൊടുപുഴ പോലീസ് രാവിലെ മുതല്‍ അന്വേഷണം നടത്തിയിരുന്നു. ഇന്നലെ രാവിലെ കോളേജിലെത്തിയ കൗമാരസംഘം കഞ്ചാവ് ബിഡി വലിക്കുന്നതായി ഡിഗ്രി വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. പിന്നീട് പ്രിന്‍സിപ്പല്‍ നടത്തിയ പരിശോധനയില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും കഞ്ചാവ് ബീഡികള്‍ കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ദേഹപരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതിനുശേഷമാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നീട് തൊടുപുഴ പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തു. കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് വിദ്യാര്‍ത്ഥി വിവരം നല്‍കി. തുടര്‍ന്ന് ഹൈറേഞ്ച് സ്‌പൈഡേഴ്‌സിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയ്. എന്നാല്‍ കഞ്ചാവ് കൈമാറിയ യുവാവിനെക്കുറിച്ച് പോലീസിന് കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല.
കഞ്ചാവ് ബീഡികളാക്കിയ പൊതി ഒന്നിന് 250 രൂപ മുതല്‍ 500 രൂപയ്‌ക്ക് വരെയാണ് വില്‍പ്പന നടത്തിയത്. ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് വിദ്യാര്‍ത്ഥി പൊതികളെത്തിച്ച് കൊടുക്കുന്നുതായി പോലീസ് പറഞ്ഞു. തൊടുപുഴ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ തൊടുപുഴ ഡിവൈഎസ്പി എന്‍എന്‍ പ്രസാദ്, പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
















