തുറവൂര്‍: പോലീസ് കാഴചക്കാരായി, ചന്തിരൂരില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച. 19 പവന്‍ ആഭരണവും 16,000 രൂപയും കവര്‍ന്നു.ചന്തിരൂര്‍ പുതുവള്ളില്‍ രവികുമാറിന്റെ വീട്ടില്‍ നിന്നു പതിനെട്ടര പവന്‍ ആഭരണവും 14,000 രൂപയുമാണു കവര്‍ന്നത്.
രവികുമാറിന്റെ വീടിനു തെക്കു വാടക വീട്ടില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ആന്റണി ഡാര്‍വിന്റെ വീട്ടില്‍ നിന്ന് 2000 രൂപയും അര പവന്‍ വരുന്ന ചെറിയൊരു മോതിരവുമാണു കവര്‍ന്നത്. ഇരു വീടുകളുടെയും അടുക്കള വാതില്‍ പൊളിച്ചാണു മോഷ്ടാക്കള്‍ അകത്തു കയറിയത്.രവികുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്തു മൂന്നു വാതിലുകള്‍ തകര്‍ത്ത ശേഷമാണ് അകത്തു കയറിയത്. ആന്റണി ഡാര്‍വിന്റെ വീടിനുള്ളില്‍ ബാഗുകളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അലങ്കോലമാക്കിയ ശേഷം ബാഗ് വീടിന്റെ മുറ്റത്തേയ്‌ക്കു എറിഞ്ഞ നിലയിലാണു കാണപ്പെട്ടത്.
കുത്തിയതോട് സിഐ കെ.സജീവ്,അരൂര്‍ എസ്‌ഐ ടി.എസ്.റെനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുവീടുകളിലും പോലീസ് സംഘം എത്തി പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്നു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തിയിരുന്നു.
കുത്തിയതോട്, അരൂര്‍ സ്റ്റേഷന്‍ പരിധികളില്‍ മോഷണം തുടര്‍ക്കഥയായിട്ടും പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി വ്യപകമാണ്.
















