കൊച്ചി: ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സ നേടുന്ന രോഗികളുടെ എണ്ണത്തില്‍ കൊച്ചി നഗരത്തില്‍ മാത്രം 25% വര്‍ധനയെന്ന് പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ധര്‍. രോഗബാധിതരായ പുരുഷന്മാരുടെ എണ്ണത്തില്‍ 25 ശതമാനവും, സ്ത്രീകളുടെ എണ്ണത്തില്‍ 15 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയതായി എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. സി.എസ്. മധു പറഞ്ഞു.
2015-16-ല്‍ വിപിഎസ് ലോക്ഷോറില് 142 അഡ്മിഷനുകള്‍ ശ്വാസകോശാര്‍ബുദത്തിന് മാത്രം ഉണ്ടായി എന്ന് പ്രശസ്ത അര്ബുദചികിത്സാവിദഗ്ധനും ഓങ്കോളജി മേധാവിയുമായ ഡോ. വി.പി. ഗംഗാധരന് പറഞ്ഞു. ശ്വാസകോശാര്‍ബുദ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്. 5 ശതമാനം ചെറുപ്പക്കാരിലും രോഗം കാണാറുണ്ട്. ചികിത്സിച്ച് പൂര്‍ണമായും സുഖപ്പെടാന്‍ ഏറെ പ്രയാസമുള്ള രോഗമാണ് ശ്വാസകോശാര്‍ബുദം. പുകയില ഉല്പന്നങ്ങള് പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് ഇതിനെതിരെയുള്ള പ്രധാന മുന്‍കരുതല്‍. മലിനമായ അന്തരീക്ഷവും രോഗത്തിന് കാരണമാകുന്നുണ്ട്, ഡോ. ഗംഗാധരന് പറഞ്ഞു.
ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് കാന്‍സര്‍ രജിസ്ട്രീസിന്റെ (IACR) കാന്‍സര്‍ സര്‍വൈലന്‍സ് പദ്ധതിയായ ഗ്ലോബോകാന്‍ റിപ്പോര്‍ട്ടനുസരിച്ച് ബ്രെസ്റ്റ് കാന്‍സര്‍, സെര്‍വിക്കല്‍ കാന്‍സര്‍, ഓറല്‍ കാന്‍സര്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും വ്യാപകമാണ് ശ്വാസകോശാര്‍ബുദം. പുരുഷന്മാരില് ഏറ്റവും കണ്ടുവരുന്ന രണ്ടാമത്തെ കാന്‍സര്‍ ഇനമാണിത്.
90 ശതമാനം ശ്വാസകോശാര്‍ബുദവും പുകയില ഉപയോഗം മൂലമാണുണ്ടാകുന്നത്. അതേസമയം ഒരിക്കലും പുകവലിക്കാത്തവരിലും രോഗം കണ്ടുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ജെനറ്റിക് കാരണങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ശ്വാസകോശാര്‍ബുദത്തില്‍ രോഗം നേരത്തെ കണ്ടുപിടിക്കപ്പെടാത്തതാണ് പലപ്പോഴും മരണകാരണമാകുന്നത്. സാധാരണഗതിയില്‍ ഇത് ടിബിയെന്ന് തെറ്റായി രോഗനിര്‍ണയം ചെയ്യാറാണ് പതിവ്. ഒടുവില്‍ അര്‍ബുദ ചികിത്സയ്ക്ക് എത്തുമ്പോഴേക്കും ഏറെ വൈകിയിരിക്കും. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ഭാരംകുറയല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാകുക എന്നതാണ് ശ്വാസകോശാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള പ്രധാന മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: