ആലപ്പുഴ: രാസ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാതല ദ്രുതകര്‍മ സേനയുടെ മോക്ഡ്രില്‍ ഇന്ന് രാവിലെ 10 മുതല്‍ വന്ദികപ്പള്ളി എന്‍ടിപിസി ക്രോസ് റോഡ് ജങ്ഷനില്‍ നടക്കും. ജില്ലയില്‍ രാസദുരന്തം, വാതകച്ചോര്‍ച്ച, ടാങ്കര്‍ ലോറി അപകടങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ്ണ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ജങ്ഷന് സമീപത്തുകൂടി എന്‍ടിപിസിയിലേക്ക് നാഫ്ത കൊണ്ടുപോകുന്ന റോഡുവക്കിലുള്ള പൈപ്പ് ലൈനില്‍ ചോര്‍ച്ച സംഭവിച്ചാല്‍ നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുക. വാതകചോര്‍ച്ച സംബന്ധിച്ച് അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലാതല ദുരന്തനിവാരണ സമിതി യോഗം ജില്ലാ ആസ്ഥാനത്ത് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് എല്ലാ വിഭാഗം സര്‍ക്കാര്‍ സംവിധാനത്തെയും അങ്ങോട്ടേക്ക് ചലിപ്പിക്കുകയാണ് ആദ്യ പടി. തുടര്‍ന്ന് സംഭവസ്ഥലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കും. അപകടം നടന്ന സ്ഥലം ദുരന്തമേഖലയായി പ്രഖ്യാപിക്കും. തുടര്‍ന്ന് ഓണ്‍സൈറ്റ് കമാന്‍ഡര്‍ ആയ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് ദുരന്തനവാരണ – രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ദുരന്ത നിവാരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജങ്ഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ച് അടുത്തു സജ്ജമാക്കിയ എന്‍ടിപിസിയുടെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റും. തൊട്ടടുത്തുള്ള സ്‌കൂളുകളിലെ കുട്ടികളെയും ഒഴിപ്പിക്കും.
















