കല്‍പ്പറ്റ : വയനാട്ടില്‍ കാട്ടാ നകള്‍ ചരിയുന്ന സംഭവത്തി ല്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കാട്ടാനകള്‍ ചെരിഞ്ഞ സംഭവത്തില്‍ എന്തൊക്കെ നടപടികളാണ് സംസ്ഥാന വനംവകുപ്പ് സ്വീകരിച്ചത് എന്നു കാ ണിക്കുന്ന ആക്ഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് രാജീവ്കുമാര്‍ ശ്രീവാസ്തവ സംസ്ഥാന മുഖ്യ വനപരിപാലകനോട് ആവശ്യപ്പെട്ടു.
തൃശൂര്‍ കേന്ദ്രമായുള്ള ഹെറിറ്റേജ് അനിമല്‍ ടാസ്ക്ക് ഫോഴ്സ് സംഘടനയുടെ സെക്രട്ടറി ജി.കെ.വെങ്കിടാചലം നല്കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രോജ്ക്ട് എലഫന്റ് പദ്ധതിയുടെ ഡയറക്ടര്‍ കൂടിയായ രാജീവ്കുമാര്‍ ശ്രീവാസ്തവയുടെ നടപടി. വയനാട്ടില്‍ നിരന്തരം കാട്ടാനകള്‍ തോക്കിനിരയാകുന്നുവെന്നാരോപിച്ചുള്ള പരാതിയിലാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഇതിനിടെ അതിരാറ്റുകുന്നില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെകുറിച്ച് സൂചന ലഭിച്ചതായി വനപാലകര്‍ അറിയിച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും അന്വേഷണസംഘം പറഞ്ഞു.
സൗത്ത് വയനാട് ഡി.എഫ്.ഒ. അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സജികുമാര്‍, സുനില്‍കുമാര്‍, ഷാജീവ്, മുസ്തഫ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതിനിടെ കൃഷിയിടത്തിലിറങ്ങിയ ആനക്ക് ഷോക്കേറ്റതായും സംശയമുണ്ട്. അതേ സമയം പോസ്റ്റുമോര്‍ട്ടത്തില്‍ ആനയുടെ ശരീരത്തില്‍ നിന്ന് കമ്പി കഷണവും ലഭിച്ചു. കള്ളത്തോക്ക് സംഘങ്ങള്‍ കമ്പി മുറിച്ച് കരുക്കളാക്കിയാണ് ആനക്കു നേരെ വെടിയുതിര്‍ക്കുന്നത്. അതിനാല്‍ വൈദ്യുതാഘാതമേറ്റ ആനക്കു നേരെ പിന്നീട് വെടിയുതിര്ത്തുവോയെന്നും അതോ ഷോക്കേല്‍ക്കുന്നതിന് നാളുകള്‍ക്ക് മുമ്പ് മര്‍മ പ്രധാനമല്ലാത്ത സ്ഥാനത്ത് വെടിയേറ്റതിന്റെ കരുവാണോ ഇതെന്നും സംശയമുണ്ട്. ആനയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു. പുല്‍പ്പള്ളി അതിരാറ്റുകുന്നില്‍ സ്വകാര്യ വ്യക്തിയുടെ വയലില്‍ ഞായറാഴ്ച്ച പുലര്‍ച്ചയാണ് 20 വയസ് മതിക്കുന്ന മോഴയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആറുമാസത്തിനിടയില്‍ വയനാട്ടില്‍ ചെരിഞ്ഞ മൂന്നാമത്തെ കാട്ടാനയണിത്. ബത്തേരി ഒന്നാംമൈല്‍, പുല്‍പ്പള്ളി കാപ്പിക്കുന്ന് എന്നിവിടങ്ങളില്‍ ഇതിന് മുമ്പ് കാട്ടാനയെ തോക്കിനിരയാക്കിയതായിരുന്നു. അതിരാറ്റുകുന്നില്‍ മാത്രമാണ് മരണകാരണത്തില്‍ സംശയം നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: