ആറന്മുള: എല്ലാമെല്ലാം അയ്യപ്പന്, എല്ലാര്ക്കും പൊരുളയ്യപ്പന്‍ എന്ന തത്വം വിളിച്ചോതി ആറന്മുളയില് നടന്ന അയ്യപ്പസംഗമം അയ്യപ്പഭക്തര്‍ക്ക് നവ്യാനുഭവമായി.
ശരണകീര്ത്തനങ്ങളും ശരണ മന്ത്രങ്ങളും നിറഞ്ഞ സംഗമവേദിയെ ധന്യമാക്കി കെ.ജി.ജയനും(ജയവിജയ)സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ, പ്രസംഗത്തിനിടയില്‍ സംഗീതസംവിധായകന് ഗംഗൈഅമരന് ആലപിച്ച ഭക്തിഗാനം ഹൈന്ദവ ഐക്യത്തിന്റെ കാലിക പ്രസക്തി എടുത്തുപറഞ്ഞ് ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഉദ്ഘാടന പ്രസംഗം എല്ലാം അയ്യപ്പ മഹാസംഗമത്തെ പ്രൗഡോജ്വലമാക്കി. ശബരിമല അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം അതിന്റെ ഭക്തിയും പരിശുദ്ധിയും ചോര്‍ന്നുപോകാതെ ഗാനഗന്ധര്വ്വന് യേശുദാസിനെക്കൊണ്ട് വീണ്ടും പാടിച്ച് റിക്കോര്‍ഡ് ചെയ്യാമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഉറപ്പും അയ്യപ്പ മഹാസംഗമത്തിന്റെ വൈശിഷ്ട്യങ്ങളില്പെടുന്നു. ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് കെ.ജി.ജയന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് ഹരിവരാസനത്തിന്റെ പുനരാലേഖനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സമ്മതിച്ചത്. ഹരിവരാസനം എഴുതിയ പുറക്കാട്ട് കോന്നകത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയുടെ സാന്നിദ്ധ്യവും അയ്യപ്പമഹാസംഗമത്തിന്റെ പ്രത്യേകതകളിലൊന്നായി. ഗുരുസ്വാമിമാര്‍, അമ്പലപ്പുഴ, ആലങ്ങാട് പെരിയോര്‍, ചീരപ്പന്‍ചിറ പ്രതിനിധി, തലപ്പാറകോട്ടമൂപ്പന്, ഇഞ്ചിപ്പാറ കോട്ടമൂപ്പന്‍, തിരുവാഭരണപേടക വാഹകര്‍, തുടങ്ങി ശബരിമല തീര്‍ത്ഥാടനത്തില്‍ ഭാഗഭാക്കാകളാകുന്ന പ്രമുഖരെയെല്ലാം അയ്യപ്പ മഹാസംഗമ വേദിയില്‍ ആദരിച്ചു. വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന്, ഭവനമൊരു പൂങ്കാവനം എന്നീ പദ്ധതികളും ഉദ്ഘാടനം ചെയ്തു. ശബരിമല തീര്‍ത്ഥാടനവും പ്രകൃതി സംരക്ഷണവുമായുള്ള അഭേദ്യമായ ബന്ധം വ്യക്തമാക്കുന്ന ചടങ്ങുകളായിരുന്നു ഇവ.
ആറന്മുള ശ്രീ കൃഷ്ണ ഓഡിറ്റോറിയത്തില്‍ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ശ്രീഭൂതനാഥോപാഖ്യാന പാരായണം നടന്നു. മഹാസംഗമ വേദിയില്‍ ഉയര്‍ത്താനായി തൊടുപുഴ അറക്കുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവന്ന ധര്‍മ്മ പതാക എരുമേലിയില്‍ നിന്നും കൊണ്ടുവന്ന കൊടിമരം, പന്തളത്തുനിന്നുള്ള കൊടിക്കയര്‍, അമ്പലപ്പുഴയില്‍ നിന്നും ജ്യോതി എന്നീ ഘോഷയാത്രകള്‍ ശരണഘോഷത്തോടെ സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തി. അതിന് ശേഷം ഭക്തിസാന്ദ്രമായ ഭക്തിഗാനസുധ. തുടര്‍ന്നാരംഭിച്ച സമ്മേളനത്തിന് തുടക്കംകുറിച്ച് പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ ദീപപ്രോജ്വലനം നിര്‍വ്വഹിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് കെ.ജി.ജയന്(ജയവിജയ) അദ്ധ്യക്ഷതവഹിച്ചു. വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന് പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോനും അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം സംഗീതസംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗംഗൈ അമരന് നിര്‍വ്വഹിച്ചു. ഭവനം ഒരു പൂങ്കാവനം പദ്ധതി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന് സന്നിധാനന്ദന് അയ്യപ്പസന്ദേശം നല്കി. പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ, അമ്പലപ്പുഴ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, ചീരപ്പന്‍ചിറ പ്രതിനിധി കേശവ്ലാല്, തിരുവാഭരണപേടകസംഘം പെരിയസ്വാമി ഗംഗാധരന്‍നായര്‍, മണര്‍കാട് പെരിയോന്‍ രവികുമാര്‍, അയ്യപ്പസേവാസമാജം ദേശീയ അദ്ധ്യക്ഷന്‍ ഇറോഡ് രാജന്, ഓര്‍ഗനൈസിംങ് സെക്രട്ടറി വി.കെ.വിശ്വനാഥന്, സംസ്ഥാന ട്രഷറാര്‍ ഇ.പി.മന്മഥന്നായര്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സ്വാഗതസംഘം പ്രസിഡന്റ് അജയകുമാര്‍ പുല്ലാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: