പന്തളം: ശബരിമല തീര്‍ത്ഥാടനം തുടങ്ങുവാന്‍ ഇനി പത്തു ദിവസങ്ങള്‍ മാത്രം. പന്തളത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാന്‍ മതിയായ സൗകര്യമൊരുക്കാന്‍ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡ് നിലവിലുള്ള കെട്ടിടം പെയിന്റടിച്ച് മുഖം മിനുക്കല്‍ മാത്രമാണ് നടത്തുന്നത്.
മണ്ഡല-മകരവിളക്കു കാലത്ത് രാജ്യത്തിനകത്തും പുറത്തും നിന്ന് ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കലെത്തുന്നത്. ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്കു വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനും സൗകര്യമില്ലാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. ആകെയുള്ളത് കഷ്ടിച്ചു 150 പേര്‍ക്ക് വിരിവെക്കുവാന്‍ മാത്രം സൗകര്യമുള്ള പഴയ 2 ഹാളുകള്‍ മാത്രം. ഇടയ്ക്ക് ഇവിടെ ദേവസ്വം ബോര്‍ഡിന്റെ എന്തങ്കിലും യോഗമോ മറ്റോ നടന്നാല്‍ അന്നേ ദിവസം ആര്‍ക്കും ഇവിടെ വിരിവെക്കാന്‍ കഴിയുകയുമില്ല. പന്തളത്തെ ഏതെങ്കിലും ലോഡ്ജുകളില്‍ തങ്ങേണ്ട അവസ്ഥയാവും ഫലം.
ഇവിടെയുള്ള കക്കൂസുകളുടെ കാര്യവും വിഭിന്നമല്ല. ആകെയുള്ളത് 32 ശൗചാലയങ്ങള്‍ മാത്രം. ഇതില്‍ത്തന്നെ 5 എണ്ണം തീര്‍ത്ഥാടന കാലത്ത് വിവിധ വകുപ്പുകളില്‍ നിന്നും ഇവിടെ ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മാറ്റി വച്ചിരിക്കും. പിന്നീട് അവശേഷിക്കുന്ന 25 കക്കൂസുകള്‍ വേണം ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ ഉപയോഗിക്കേണ്ടത്. പിന്നീടുള്ളത് ക്ഷേത്രത്തിനു സമീപം എംസി റോഡില്‍ റോഡുകടവു പാലത്തിനു സമീപമുള്ള മൂന്നോ നാലോ ശൗചാലയങ്ങള്‍ മാത്രമാണ്. ഇതിന്റെ അവസ്ഥ പറയാതിരിക്കുകയാണു ഭേദം.
പന്തളത്ത് നിലവിലുള്ള തീര്‍ത്ഥാടക വിശ്രമകേന്ദ്രത്തിന്റെ സ്ഥാനത്ത് മതിയായ സൗകര്യത്തില്‍ ബഹുനില വിശ്രമകേന്ദ്രവും ശൗചാലയങ്ങളും പണിയണമെന്ന് എല്ലാ വര്‍ഷവും ഇവിടെ നടക്കുന്ന അവലോകനയോഗങ്ങളില്‍ ഭക്തരും നാട്ടുകാരും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു വരുന്നതാണ്. അതിനുള്ള നടപടി ഉടനുണ്ടാകുമെന്ന് പറഞ്ഞ് യോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രിമാരും ദേവസ്വം പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും ഉറപ്പു നല്കി പൊടിയും തട്ടി പോകുന്നതല്ലാതെ ഇത്രയും വര്‍ഷമായിട്ടും മറ്റൊന്നും തന്നെ നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: