ആത്മബോധോദയസംഘത്തിന്റെ സ്ഥിരനിയമങ്ങളായിരിക്കുന്നത് ”കളങ്കമറ്റ് നിഷ്‌കളങ്കരായി കാണപ്പെടുക” എന്നുള്ളതാണ്. നിഷ്‌കളങ്കം എന്നുള്ളത്, ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ ആത്മാക്കള്‍ കളങ്കമറ്റു പ്രകാശിക്കുകയെന്നുള്ളതും അവരുടെ നടുവില്‍ അസ്തമിക്കാത്ത നെടുനിലാവായി ജഗദ്ഗുരു നിലകൊള്ളുകയെന്നുള്ളതും ഒരു പ്രധാന വിധിയാകുന്നു.
മനുഷ്യനെന്ന വാക്കിന്റെ അര്‍ത്ഥംതന്നെ പ്രകൃതിയുടെ ഓരോ അവസ്ഥകളെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ച് സര്‍വ്വസൃഷ്ടിക്കും ആദിയായ അറിവ് (വിത്ത്) നാമാണ്, ആദിയന്തമില്ലാത്ത അറിവെന്ന ആത്മാവാണ് എന്നു തന്നെത്തന്നെ അറിഞ്ഞ് ആ അറിവില്‍ കര്‍മ്മമൊടുക്കിയാല്‍ എല്ലാം നാമാണ്, നമ്മെവിട്ടന്യമൊന്നും തന്നെയില്ല എന്നും എല്ലാം നാമാണ് എന്നും, നമ്മെക്കൊണ്ട് ഈ ലോകമാകമാനം സൃഷ്ടിച്ചു എന്നും നാം എല്ലാറ്റിലും സ്ഥിതി ചെയ്യുന്നു എന്നും ഉള്ള യഥാര്‍ത്ഥ ബോധം ഉണ്ടായി പരമാത്മാവിനുവേണ്ടി കര്‍മ്മമെടുക്കുമ്പോള്‍ അവനത്രെ യുഗെയുഗെയുള്ള അവതാരപുരുഷന്‍.
പഞ്ചഭൂതങ്ങളുടെ സര്‍വ്വത്ര ജീവനെയാണ് സര്‍വ്വസസ്യാദികളും ജീവജാലങ്ങളും പ്രാപിച്ചിരിക്കുന്നത്. തന്നിമിത്തം അതേതിന്റെ അവസാനഘട്ടത്തില്‍ പഞ്ചഭൂതങ്ങളിലേക്കു തന്നെ മടക്കി അയച്ചിട്ടു മാറിമാറി ജന്മമെടുക്കുന്നു. ഇതുകൊണ്ട് സര്‍വ്വജന്മങ്ങള്‍ക്കും ആധാരം പഞ്ചഭൂതങ്ങളെന്നറിഞ്ഞാലും. എങ്ങനെയെന്നാല്‍ ഈ ലോകത്തിന്റെ മരണം നരകമായിട്ടത്രെ. അതത്രെ പ്രളയം. ഈ ലോകത്തിന്റെ ജന്മം സൃഷ്ടിയത്രെ. അതത്രേ ലോകസൃഷ്ടിയില്‍ മരണപ്പെടാത്തതായി ഒന്നുമില്ല. സൃഷ്ടിയെല്ലാം ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. സൃഷ്ടിലോകം ഒടുവില്‍ മരിക്കുന്നു. അതുകൊണ്ട് ലോകസൃഷ്ടി ശാശ്വതമായതല്ല, അനിത്യമായതത്രെ എന്ന് സര്‍വ്വത്ര തെളിവാണ്. ചിന്തകന്മാര്‍ തെളിയിച്ചിട്ടുമുണ്ട്.
















