മനുഷ്യന്, ജീവിതം; വിശദീകരിക്കാനോ നിര്‍വചിക്കാന്‍പോലുമോ സാധ്യമല്ലാത്ത പ്രതിഭാസം. ഇവയെപ്പറ്റി പലരും പലതും പറഞ്ഞിട്ടുണ്ട്. ഒന്നും യഥാര്‍ത്ഥമല്ല, മായയാണ് എന്നു ചിലര്‍. ഒരു കണക്കിന് അത് ശരിയുമാണ്. രാവിലെ എഴുന്നേറ്റു, ദേഹശുദ്ധി വരുത്തി, ജോലിക്കുപോയി, ഇതിനിടയില്‍ പല പ്രാവശ്യം ആഹാരം കഴിച്ചു, ഉറങ്ങി…. ഈ ദിനചര്യ മുടക്കില്ലാതെ തുടരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ മദിച്ചുപുളച്ചു നടക്കും. പ്രായമായാല്‍ വിരസത അറിഞ്ഞുതുടങ്ങും. ചത്താല്‍ മതിയായിരുന്നു എന്ന് ഒരിക്കലെങ്കിലും പറയുകയോ തോന്നുകയെങ്കിലുമോ ചെയ്യാത്ത ആരെങ്കിലുമുണ്ടാവുമോ!
”മനനം ചെയ്യാന്‍ കഴിവുള്ളവന്‍ മനുഷ്യന്‍” എന്നുപറയുന്നുണ്ട്. മനനംചെയ്യുകയെന്നാല്‍ ചിന്തിക്കുകയെന്നര്‍ത്ഥം. വെറും ഒഴുക്കന്‍ ചിന്തയല്ല, ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള ചിന്ത. മനസ്സിനെപ്പറ്റിത്തന്നെ വ്യക്തമായ അറിവില്ല. അത് ആര്‍ക്കും പിടികൊടുക്കാതെ ചാടിച്ചാടി നടക്കുന്ന കുരങ്ങാണ്. എന്തായാലും ശരി, ചിന്തിക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. അത് വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലായെന്നതാണ് പരമാര്‍ത്ഥം. പ്രയോജനപ്പെടുത്തിയെങ്കില്‍ മനുഷ്യവര്‍ഗത്തിന്റെയും ലോകത്തിന്റെ തന്നെയും മുഖഛായ എത്രയോ വ്യത്യസ്തമായിരുന്നേനേ!
ഗര്‍ഭപാത്രത്തിന്റെ അന്ധകാരത്തില്‍ നിന്ന് സൂര്യവെളിച്ചത്തിലേക്ക് കണ്ണുതുറക്കുന്നതുമുതല്‍ അദൃശ്യവും അജ്ഞാതവുമായ അനന്തതയിലേക്കുള്ള പ്രയാണം തുടങ്ങുന്നതുവരെയുള്ള കാലമാണ് ആയുസ്സായി കണക്കാക്കുന്നത്. വാസ്തവത്തില്‍ ജനനം എപ്പോഴാണ് നടക്കുന്നത്. പുരുഷബീജവും സ്ത്രീയുടെ അണ്ഡവും സംയോജിച്ച് ജീവന്റെ തുടിപ്പായി ഭ്രൂണം രൂപപ്പെടുമ്പോള്‍തന്നെ ഗര്‍ഭപാത്രത്തില്‍ ജനനം നടന്നുകഴിഞ്ഞു. എന്നാല്‍, നാം ജനനം എന്നുപറയുന്നത് പ്രസവം.
ജനിച്ചതിനു മരണമുണ്ട്. അത് പ്രകൃതി നിയമമാണ്. നാശത്തെ, അവസാനത്തെയാണ് മരണമെന്ന് പറയുന്നത്. എന്നാല്‍ മരണം ഇതുരണ്ടുമല്ല. അതൊരു തുടക്കമാണ്. തിരിച്ചുപോക്കാണ്, എവിടെനിന്നുവന്നോ അവിടേക്ക്. അതൊരു വിലയനമാണ്. ബ്രഹ്മത്തില്‍നിന്ന് വന്നത് ബ്രഹ്മത്തില്‍ ലയിക്കുന്നു.
സാധാരണക്കാരനായ മനുഷ്യന് ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ല. അവര്‍ക്കൊന്നേയുള്ളൂ ചിന്ത; സുഖമായി ജീവിക്കണം. സുഖമെന്നത് മനസ്സിന്റെ ഒരു തോന്നലാണെന്നാരറിയുന്നു.
ജീവിതത്തില്‍ സുഖവും ദുഃഖവുമുണ്ട്. ജയവും പരാജയവുമുണ്ട്. നേട്ടവും കോട്ടവുമുണ്ട്. ശത്രുവും മിത്രവുമുണ്ട്. ആഴത്തില്‍ ചിന്തിച്ചാല്‍ ഇതെല്ലാം മനസ്സിന്റെ വിഭ്രമവും അര്‍ത്ഥശൂന്യവുമാണെന്നു കാണാന്‍ കഴിയും. ഇതൊന്നുമറിയാതെ കണ്ടതും കേട്ടതും ശരിയെന്ന അബദ്ധധാരണയില്‍, എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിലാണ് മനുഷ്യന്‍. കരവാള്‍കൊണ്ട് കാറ്റിനെ വെട്ടുന്ന വിഡ്ഢികള്‍.
ജീവിത പ്രവാഹിനിയുടെ അടിയൊഴുക്കില്‍ നിലയുറയ്‌ക്കാതെ വരുമ്പോള്‍ മാത്രമേ സത്യവും സങ്കല്‍പവും തമ്മിലുള്ള അന്തരം വെളിവാകൂ. ചുഴലിയിലും മലരിയിലും മുങ്ങിപ്പൊങ്ങി ലക്ഷ്യംതെറ്റി ഒഴുകുമ്പോള്‍ മാത്രമേ ജീവിതം മലവെള്ളപ്പാച്ചിലാണെന്ന സത്യമറിയൂ. മുങ്ങിത്താഴുമ്പോള്‍ കയറിപ്പിടിക്കാനൊരു കച്ചിത്തുരുമ്പു കിട്ടുമ്പോഴേ പാഴ്‌വസ്തുവെന്നു കരുതിയതിന്റെ വിലയറിയൂ. ഇതുനേരത്തെ അറിയാന്‍ സാധിച്ചാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടായേനേ.
ചിന്തയും സംയമനവും നഷ്ടപ്പെട്ടു നിസ്സാരകാര്യത്തിനു വാശിപിടിക്കും. കാര്യമറിയാതെ വഴക്കടിക്കും. സഹജീവിയുടെ കരച്ചില്‍ കേട്ടില്ലെന്ന് നടിക്കും. അവന്റെ പതനത്തില്‍ ഗൂഢമായാഹ്ലാദിക്കും. ഒരാള്‍ മരിക്കുമ്പോള്‍ വിലപ്പെട്ട ജീവിതമാണ് നഷ്ടമായതെന്ന് പറയും. വഞ്ചന, കാപട്യം; വെറും പ്രകടനം ഈ ജീവിതം.
ചെന്നായും ആട്ടിന്‍കുട്ടിയും എന്ന ഒരു കഥയുണ്ട്. ഒരുനദിയുടെ മുകള്‍ ഭാഗത്ത് ചെന്നായും താഴെ ആട്ടിന്‍കുട്ടിയും വെള്ളം കുടിച്ചുകൊണ്ടിരുന്നു. തടിച്ചുകൊഴുത്ത ആട്ടിന്‍കുട്ടിയെ കണ്ട ചെന്നായയുടെ വായില്‍ വെള്ളമൂറി. അത് ആട്ടിന്‍കുട്ടിയോടു പറഞ്ഞു,
നീയെന്റെ കുടിവെള്ളം കലക്കുന്നു
ഞാന്‍ താഴെയല്ലേ നില്‍ക്കുന്നത്? പിന്നെങ്ങനെ അങ്ങയുടെ കുടിവെള്ളം കലങ്ങും. നദി മേലോട്ടൊഴുകുകയില്ലല്ലോ.
മൊഴി മുട്ടിയ ചെന്നായ മുട്ടായുക്തി പ്രയോഗിച്ചു.
നീയല്ലെങ്കില്‍ നിന്റെ അച്ഛന്‍, പണ്ടെന്റെ കുടിവെള്ളം കലക്കിയിട്ടുണ്ട്.
ഇതുപറഞ്ഞുകൊണ്ട് ചെന്നായ പാവം ആട്ടിന്‍കുട്ടിയുടെ മേല്‍ ചാടിവീണു. ഒന്നാലോചിച്ചു നോക്കൂ, ഈ ചെന്നായയുടെ പിന്‍മുറക്കാരായി അധപ്പതിപ്പിച്ചില്ലേ മാനവകുലം!
~ഒരു മനുഷ്യായുസ്സില്‍ എത്ര വര്‍ഷം നാം ജീവിക്കുന്നുണ്ട് എന്നറിയണം. ശരാശരി ആയുസ്സ് 80 എന്നിരിക്കട്ടെ, ശൈശവം, ബാല്യം, കൗമാരം എല്ലാം പരാശ്രയത്തിന്റെ കാലമാണ്. ഇത് സ്വന്തമായി വരുമാനമുണ്ടാവുന്നതുവരെ നിലനില്‍ക്കും. അത് 25 വയസ്സുവരെയെങ്കില്‍ ബാക്കി 55 വര്‍ഷങ്ങളാണ് ജീവിക്കുവാന്‍ കിട്ടുന്നത്. 56 വയസ്സില്‍ പെന്‍ഷനാവും(ഉദ്യോഗസ്ഥരെങ്കില്‍). 60 ല്‍ എത്തിയാല്‍ വീണ്ടും പാരതന്ത്ര്യത്തിന്നടിമയാകും. മധുരം കഴിക്കുന്നതില്‍, വറുത്തതും പൊരിച്ചതും കഴിക്കുന്നതില്‍, ടിവി കാണുന്നതില്‍ ഒക്കെ മക്കളും കൊച്ചുമക്കളും ഇടപെടും. അതിനാല്‍ 60 മുതല്‍ 80 വരെയുള്ള 20 വര്‍ഷം 55 ല്‍ നിന്ന് കുറയ്‌ക്കണം. ബാക്കി 35. ഒരു ദിവസം 8 മണിക്കൂര്‍ ഉറങ്ങിയാല്‍ 35 വര്‍ഷത്തില്‍ 11 വര്‍ഷം ഉറങ്ങും. ജീവിക്കുവാന്‍ ശേഷിച്ച 35 വര്‍ഷത്തില്‍നിന്ന് 11 വര്‍ഷം കുറച്ചാല്‍ ബാക്കി 24. ആശുപത്രി, മാവേലി സ്റ്റോര്‍, ബസ്റ്റാന്‍ഡ് എന്നിവിടങ്ങിലെ കാത്തിരിപ്പ്, യാത്ര, വഴിയിലെ ബ്ലോക്ക്, പബ്ലിക് റോഡിലെ പ്രകടനങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന സമയ നഷ്ടം എല്ലാംകൂടി മൂന്ന് വര്‍ഷം പാഴാവും. ശേഷിക്കുന്നത് 21 വര്‍ഷം. 80 ശരാശരി ആയുസ്സുള്ള ഒരാള്‍ക്ക് ജീവിക്കാന്‍ കിട്ടുന്നത് കേവലം 21 വര്‍ഷം!
ലോട്ടറിയും ജീവിതവും ഒരുപോലെയാണ്. കിട്ടിയാല്‍ കിട്ടി, അത്രതന്നെ. ബമ്പര്‍ സമ്മാനം രണ്ട് കോടിയെന്ന് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കും. ഇതടിക്കുന്ന ആള്‍ക്ക് മുഴുവന്‍ തുകയും കിട്ടില്ല. വരുമാന നികുതി, ഏജന്റിന്റെ കമ്മിഷന്‍, പിന്നെ മറ്റു പലതും കഴിച്ചു കയ്യില്‍ കിട്ടുന്നത് രണ്ട് കോടിയില്‍ വളരെ താഴെയുള്ള തുക. അങ്ങനെ ജീവിതമെന്ന ഭാഗ്യപരീക്ഷണത്തില്‍ കയ്യില്‍ കിട്ടുന്നതാണ് 21 വര്‍ഷം.
ജീവിതത്തില്‍ വസന്തം വിരിയിക്കണം. ജീവിച്ചു എന്ന തൃപ്തിയുണ്ടാവണം. മരണശേഷം, ആ മനുഷ്യന്‍ ഇന്നുണ്ടായിരിക്കേണ്ടതായിരുന്നു എന്നു സമൂഹത്തെക്കൊണ്ടു പറയിപ്പിക്കുവാന്‍ സാധിച്ചാല്‍ അതുതന്നെ ജീവിതവിജയം. അതിന്, ഓരോരുത്തരും സാമൂഹ്യജീവിയാണ്, ഒറ്റപ്പെട്ട ജീവിതം സാധ്യമല്ലാതെന്ന തിരിച്ചറിവുണ്ടാവണം. എന്നെപ്പോലെ തന്നെ ജീവിക്കുവാനുള്ള അവകാശം മറ്റുള്ളവര്‍ക്കുമുണ്ട് എന്നതംഗീകരിക്കണം. ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാനനുവദിക്കുകയും ചെയ്യണം. അതിന്, മറക്കാനും പൊറുക്കാനും കഴിയണം. സഹകരണവും വിട്ടുവീഴ്ചയും വേണം. സ്‌നേഹംകൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അംഗീകാരം നേടണം.
21 വര്‍ഷം പെട്ടെന്നുതീരും. വെറുപ്പിക്കാന്‍ വളരെ എളുപ്പമാണ്. അംഗീകരിപ്പിക്കുവാന്‍ വൈഷമ്യമേറും.
‘നമുക്കുനാമേ പണിവതുനാകം
നരകവുമതുപോലെ’ എന്നതു മറക്കരുത്. (ഉള്ളൂര്‍)
”കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്നനേരത്തും (പൂന്താനം)
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന് നാം വൃഥാ?
എന്നോരോരുത്തരും സ്വയം ചോദിക്കണം.സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, ത്യാഗത്തിന്റെ, സഹകരണത്തിന്റെ, സഹിഷ്ണുതയുടെ നൂറു നൂറു പുഷ്പങ്ങള്‍ വിടര്‍ന്നു സുഗന്ധം പരത്തുന്ന ആരാമമാവട്ടെ മാനവഹൃദയം.
















