ഒരാശയം ആവിഷ്കരിക്കാന്‍ എത്ര സമയം എടുക്കും. എഴുത്തായാലും ദൃശ്യമായാലും അത് കൈകാര്യം ചെയ്യുന്നയാളുടെ മികവ് പോലിരിക്കും. രണ്ടോ മൂന്നോ മിനിട്ടിനുള്ളില്‍ പ്രസക്തമായ ഒരാശയത്തെ മുന്‍നിര്‍ത്തി ദൃശ്യങ്ങള്‍ കൊണ്ട് പ്രേക്ഷകരോട് സംവദിക്കുകയാണ് ഹരി പി.നായര്‍. കേരളപ്പിറവി ദിനത്തില്‍, മലയാള ഭാഷയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഹരി സംവിധാനം ചെയ്ത ‘കചടതപ’ എന്ന മിനി സിനിമ യൂട്യൂബില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.
കേരളപ്പിറവിയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ത്തന്നെ ‘കചടതപ’ റിലീസ് ചെയ്തത് മാതൃ ഭാഷയോടുള്ള മലയാളികളുടെ താല്പര്യം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്ന് ഹരി പറയുന്നു. മലയാള അക്ഷരമാലയിലെ 51 അക്ഷരങ്ങള്‍ തെറ്റുകൂടാതെ ക്രമമായി എഴുതുക എന്ന ബാലപാഠം മലയാളികളെ ഓര്‍മ്മപ്പെടുത്തുകയാണ് ഇതിലൂടെ. രണ്ട് മിനിട്ട് 22 സെക്കന്റാണ് ദൈര്‍ഘ്യം. കാവ്യാമാധവന്, ധര്മ്മജന് ബോള്‍ഗാട്ടി, അക്ഷര കിഷോര്‍ എന്നിവരാണ് ‘കചടതപ’യിലെ താരങ്ങള്‍. രമേഷ് പിഷാരടിയാണ് നിര്‍മാണം. ഫഹദ് ഫാസിലാണ് റിലീസ് നിര്‍വഹിച്ചത്. അവതരിപ്പിച്ചിരിക്കുന്ന രീതിയിലുമുണ്ട് പുതുമ. ടീച്ചറും കുട്ടിയും തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ് ഗൗരവത്തോടെ കാണേണ്ട ഒരാശയത്തെ ഹരി അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം റെനില്‍ ഗൗതം, ക്യാമറ ശ്രീജിത് വിജയന്, എഡിറ്റിങ് ലിജിന്‍ സിബിന്, ഡിസൈന്‍ മനു മൈക്കിള്‍ ജോസഫ്.
കഴിഞ്ഞ വര്‍ഷം കേരളപ്പിറവി ദിനത്തില്‍ ഹരി സംവിധാനം ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്ത ‘പുഞ്ചിരിക്കു പരസ്പരം’ എന്ന മിനി സിനിമയും ആസ്വാദക ശ്രദ്ധ നേടിയിരുന്നു. പരസ്പരം പുഞ്ചിരിക്കാന്‍ മറന്നുപോകുന്നവര്‍ക്കിടയില്‍, പുഞ്ചിരി എത്രത്തോളം സന്തോഷം ഒരാള്‍ക്ക് നല്‍കുന്നുവെന്ന് പറയുവാനാണ് ഇതിലൂടെ ഹരി ശ്രമിച്ചത്. മോഹന്‍ലാല്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, പേളി മാണി, ധര്മ്മജന് ബോള്‍ഗാട്ടി, അക്ഷര കിഷോര്‍, ജെന്നിഫര്‍ ആന്റണി, ആശ അരവിന്ദ്, സിനി എബ്രഹാം, ഫിറോസ്, ഭവി ഭാസ്കര്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഈ മിനിസിനിമയില്‍ ഉണ്ടായിരുന്നു. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ’14 സെക്കന്റ്’എന്ന മിനിസിനിമയും അടുത്തിടെ റിലീസ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പതിനാല് സെക്കന്റ് നോക്കിയാല്‍ കേസ് എടുക്കാമെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ’14 സെക്കന്റ്’ ആവിഷ്കരിച്ചത്. മൂന്ന് മിനിസിനിമയുടേയും ആശയത്തിന് കിട്ടിയ അംഗീകാരം സന്തോഷം നല്‍കുന്നുവെന്ന് ഹരി പറയുന്നു.
തൃശൂര്‍ കോടന്നൂര്‍ ശാസ്താംകടവ് സ്വദേശിയാണ് ഹരി. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് പിജി ജേണലിസവും പൂര്‍ത്തിയാക്കി. സംസ്കൃത ഭാഷയോടുള്ള ഇഷ്ടം കാരണം, സ്കൂള്‍തലം മുതല്‍ സംസ്കൃതമായിരുന്നു ഉപവിഷയം. ഏഷ്യാനെറ്റിലൂടെ വിഷ്വല്‍ മീഡിയയില്‍ പ്രോഗ്രാം സംവിധാന രംഗത്ത് സജീവമായി. അമൃത ടിവി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വായനയും പാട്ടെഴുത്തുമാണ് മറ്റ് വിനോദങ്ങള്‍. ജനം ടിവിയില്‍ മോഹന്‍ലാല്‍ സംസ്കൃത വാര്‍ത്ത വായിച്ചതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഹരി അവതരിപ്പിച്ച സംസ്കൃത വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയില്‍ ഹരിശ്രീ ക്രിയേഷന്‍സ് പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്ന ഹരി, ഗഹനമായ ആശയങ്ങളെ ലളിതമായി ദൃശ്യവത്കരിക്കാന്‍ തുടര്‍ന്നും മുന്നില്‍ത്തന്നെയുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: