നാഞ്ചിനാട്ടുപിള്ളമാരുടെ സമൂഹത്തില്‍ 1910 ല്‍ നാഗര്‍കോവിലില്‍ പത്മനാഭപിള്ളയുടെ മകനായി പിറന്ന സു്രബഹ്മണ്യം അനന്തപുരിയിലെത്തിയത് വിദ്യാഭ്യാസാര്‍ത്ഥമാണ്. ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസാകുമ്പോള്‍ 21-ാമത്തെ വയസില്‍ കഥാപുരുഷനു മുമ്പില്‍ രണ്ട് സാധ്യതകളാണുണ്ടായിരുന്നത്. ഒന്ന് തുടര്‍പഠനം. രണ്ടാമത്തേതാണ് പ്രായോഗികവാദിയായിരുന്ന സുബ്രഹ്മണ്യം തിരഞ്ഞെടുത്തത്; ശ്രീപത്മനാഭന്റെ നാലു നല്ല ചക്രം കൈയിലെത്തുന്ന ലാവണ്യത്തിലെത്തിപ്പെടുക. അതിനുള്ള വഴി ഏതെന്നു തേടിയിരിക്കുമ്പോഴാണ്; തിരുവനന്തപുരത്ത് വെള്ളയമ്പലത്തിനടുത്ത് വാട്ടര്‍ വര്‍ക്സ് വരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഒരപേക്ഷ കൊടുത്തു. ഗുമസ്തനായി ജോലി കിട്ടി. മാസശമ്പളം 13 രൂപ!
തിരുവനന്തപുരം നഗരത്തില്‍ ശുദ്ധജലം എത്തിക്കുന്ന ജോലിയായിരുന്നു വാട്ടര്‍ വര്ക്സിന്റേത്. അരുവിക്കരയില്‍നിന്ന് പമ്പ് ചെയ്ത് വാട്ടര്‍ വര്‍ക്സിന്റെ ടാങ്കിലെത്തിച്ചു ശുദ്ധീകരിച്ചശേഷം വേണം വെള്ളം വിതരണം ചെയ്യാന്‍. ആദ്യം കവടിയാര്‍ കൊട്ടാരത്തില്‍ രാജകുടുംബത്തിന് വെള്ളമെത്തിക്കണം. പൈപ്പ് നിരത്തി കണക്ട് ചെയ്തു വേണം വെള്ളമെത്തിക്കാന്‍. അതിന്റെ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന ചീഫ് എഞ്ചിനീയര്‍ വെങ്കിടാചലം അയ്യരുടെ സഹായിയായിട്ടായിരുന്നു സുബ്രഹ്മണ്യത്തിന്റെ നിയോഗം.
ഉത്സാഹിയായിരുന്നു സുബ്രഹ്മണ്യം. പരിശ്രമിയുമായിരുന്നു. മേലധികാരിയുടെ പ്രീതി സമ്പാദിക്കുവാന്‍ പ്രത്യേക വിരുതുമുണ്ടായിരുന്നു; വിരുതിനൊത്ത ഭാഗ്യവും.
രാജഭരണത്തിന്റെ നാളുകളാണ്. കവടിയാറിലെ കൊട്ടാരത്തിനകത്തു പ്രീതിയുറപ്പിച്ചാലേ തുടര്കാര്യലാഭമുണ്ടാകൂ എന്നറിയാവുന്ന നാഞ്ചിനാട്ടുപിള്ളമാരുടെ മാതൃക വേണ്ടുവോളം സുബ്രഹ്മണ്യത്തിന്റെ മുമ്പിലുണ്ടായിരുന്നു. കൊട്ടാരത്തില്‍ ശുദ്ധജല വിതരണം പൂര്‍ത്തിയാകുമ്പോഴേക്കും കര്‍മ്മകുശലതകൊണ്ടും സന്ദര്‍ഭ മര്‍മ്മമറിഞ്ഞുള്ള ആദരവണക്കം കൊണ്ടും റീജന്റ് റാണി ലക്ഷ്മിഭായിയുടെ വാത്സല്യം നിറഞ്ഞ ശ്രദ്ധയ്ക്കു പാത്രീഭൂതനാകുവാന് കഴിഞ്ഞു, സുബ്രഹ്മണ്യത്തിന്.
ഒരുവര്‍ഷത്തോളം വാട്ടര്‍ വര്‍ക്സില്‍ ജോലിചെയ്തശേഷം സെക്രട്ടറിയേറ്റിലേക്കു മാറിയെത്തിയ സുബ്രഹ്മണ്യം, ചിദംബരയ്യരുടെയും ആ വഴി സി.പി. രാമസ്വാമി അയ്യരുടെയും ശ്രദ്ധയിലെത്തപ്പെട്ടു. സെക്രട്ടറിയേറ്റിലെ സ്റ്റേഷനറി വകുപ്പിലായിരുന്നു നിയമനം. ദിവാന്റെ പേഴ്സണല്‍ ഓഫീസ് സ്റ്റേഷനറിയില്‍ ഏറ്റവും തുടര്‍ച്ചയായി ആവശ്യമുയര്‍ന്നിരുന്നത് വാട്ടര്‍ മെന്‍സിന്റെ ‘പീകോക്ക് ബ്ലൂമഷി’യ്ക്കാണെന്നു കണ്ടപ്പോള്‍ സുബ്രഹ്മണ്യത്തിന്റെ അന്വേഷണ ബുദ്ധി ഉണര്‍ന്നു. ദിവാന് സര് സിപി ക്ക് തന്റെ ഫൗണ്ടന്പേനയിലൊഴിക്കുന്നത് ഈ മഷി തന്നെയാവണമെന്ന ശാഠ്യമുണ്ടായിരുന്ന വസ്തുത തേടിയറിഞ്ഞു. മദിരാശിയിലെ സ്പെന്‍സര്‍ കമ്പനി വഴിയാണ് മഷി സംഘടിപ്പിച്ചുവന്നിരുന്നത്. സ്പെന്‍സറിന്റെ തിരുവനന്തപുരം ശാഖ വഴി ദിവാന്റെ ചേംബറില്‍ പതിവായി ഈ മഷി എത്തിക്കുവാനുള്ള സംവിധാനം സുബ്രഹ്മണ്യമൊരുക്കി. സ്വാഭാവികമായും ആ സുഗമ ലഭ്യതയുടെ പുറകിലെ കരങ്ങള്‍ ആരുടേതെന്ന് ദിവാന് അന്വേഷിച്ചറിഞ്ഞിരിക്കുമല്ലോ.
കുറച്ചുനാള്‍ കഴിഞ്ഞ് അന്നത്തെ സാമ്പത്തിക കാലാവസ്ഥ സ്വന്തം നിലയില്‍ സംരംഭം തുടങ്ങുന്നതിനനുകൂലമെന്നു ബോധ്യമായപ്പോള്‍ സുബ്രഹ്മണ്യം ജോലി ഉപേക്ഷിച്ചു. അതിനകം സ്വരുക്കൂട്ടിയ ‘പത്മനാഭന്റെ നാലുപുത്തനു’മായി മോട്ടോര്‍ വ്യവസായരംഗത്തേക്കിറങ്ങി. അവിടെയും ജാഗരൂകമായ ശ്രദ്ധയോടെ പരീക്ഷണങ്ങള്‍ നടത്തി ആധിപത്യമുറപ്പിക്കുവാനുള്ള ഉണര്‍വ്വ് ആ പരിശ്രമശാലിക്കുണ്ടായി. എട്ടുപേര്‍ക്കിരിക്കാവുന്ന മിനിബസ്സുകളായിരുന്നു അന്നു തിരുവനന്തപുരത്ത് നിലവിലുണ്ടായിരുന്നത്. ഇരുപതും ഇരുപത്തിയഞ്ചും പേര്‍ക്കിരിക്കാവുന്ന ബസ്സുകള്‍ അദ്ദേഹം അവതരിപ്പിച്ചു.
ഈ ഘട്ടത്തിലാണ് ‘പ്രഹ്ളാദ’ ചിത്രത്തില്‍ ഔദ്യോഗിക നിര്‍മ്മാതാവായി പ്രതിഷ്ഠിക്കുവാന്‍ റീജന്റ് റാണിയും ദിവാനും വിശ്വസ്തനാ ഒരാളെ തേടുന്ന സന്ദര്‍ഭമുണ്ടായത്.
സുകൃതനിയോഗം പോലെ ഇരുവരുടെയും മനസ്സില്‍ സുബ്രഹ്മണ്യത്തിന്റെ മുഖം തെളിഞ്ഞുവന്നു.
സിനിമയുടെ വഴിയേ അന്നോളം ചിന്തിച്ചിട്ടില്ലാത്ത നാഞ്ചിനാട്ടുപിള്ള വിക്രമന്‍പിള്ള സുബ്രഹ്മണ്യംപിള്ള ‘പി. സുബ്രഹ്മണ്യം’ എന്ന പേരില്‍ ‘പ്രഹ്ളാദ’യുടെ നിര്‍മ്മാതാവായി അവരോധിതനാകുന്നത് അങ്ങനെയാണ്.
കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്രെഡിറ്റ് ടൈറ്റിലില്‍ ‘നിര്‍മ്മാണം: പി. സുബ്രഹ്മണ്യം’ എന്ന് വായിച്ചപ്പോള്‍ പ്രേക്ഷകരില്‍ ഒരു വിഭാഗം കരുതിയത് സംവിധായകന്റെ ഇനീഷ്യല്‍ മാത്രം മാറ്റിയുള്ള സമാന്തര പ്രത്യക്ഷമാണതെന്നാണ്. അതല്ല ഏതോ തമിഴ്നാട്ടുകാരനാണ് ഈ നിര്‍മ്മാതാവെന്ന് ധരിച്ചവരുമുണ്ട്.
‘പ്രഹ്ളാദ’ വന്‍ വിജയമായതോടെ മുടക്കുമുതല്‍ മാന്യമായി തിരിച്ചുകിട്ടി. അതുകഴിഞ്ഞുള്ള ലാഭവിഹിതത്തിന്റെ ഓഹരി പി. സുബ്രഹ്മണ്യത്തിന് ലഭിച്ചു.
പി. സുബ്രഹ്മണ്യത്തെക്കുറിച്ചുള്ള റീജന്റ് റാണിയുടെയും ദിവാന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ആകസ്മികമായാണെങ്കിലും താന്‍ ഉള്‍ച്ചേര്‍ന്ന ചലച്ചിത്രരംഗത്തെ പുതിയ സാധ്യതകളെ വ്യവസ്ഥാപിതമായി കണ്ടെത്തുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും അദ്ദേഹം വ്യാപൃതനായി.
സര് സിപിയോടും രാജകുടുംബത്തോടുമുള്ള കൂറും പി. സുബ്രഹ്മണ്യം അഭംഗുരം നിലനിര്‍ത്തി. അതിന്റെ ഫലമായി ലഭിച്ച വാത്സല്യ പിന്‍ബലം മുന്നോട്ടുള്ള തുടര്‍ കുതിപ്പുകള്‍ക്ക് അദ്ദേഹത്തിന് പിന്‍ബലമാവുകയും ചെയ്തു. അന്ന് തിരുവനന്തപുരത്ത് റെയില്‍പ്പാത പേട്ടവരെയേ ഉണ്ടായിരുന്നുള്ളൂ. സിപി മുന്‍കൈയെടുത്താണ് അത് തമ്പാനൂര്‍വരെ ദീര്‍ഘിപ്പിച്ചത്. തമ്പാനൂര്‍ അന്ന് വെറും ചതുപ്പുപ്രദേശമായിരുന്നു. അവിടം നികത്തി വികസിപ്പിച്ചെടുക്കുവാന്‍ സിപി വഴികള്‍ തേടി. ഇന്നത്തെ തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷന് സമീപത്തായുള്ള ചതുപ്പുനിലത്തില്‍ കുറച്ചുഭാഗം സിപി കനിഞ്ഞ് 99 വര്‍ഷത്തേക്ക് സുബ്രഹ്മണ്യത്തിന് കുത്തകപ്പാട്ടത്തിനു ലഭിച്ചതങ്ങനെയാണ്. ചാക്കയില്‍നിന്ന് മണലിറക്കി സുബ്രഹ്മണ്യം ഈ സ്ഥലം നികത്തിയെടുത്തു അവിടെ ഒരു സിനിമാക്കൊട്ടക സ്ഥാപിച്ചു. അതാണിന്നത്തെ ‘ന്യൂ തിയ്യേറ്റര്‍’.
തിയേറ്റര്‍ സ്ഥാപനം ചുറ്റു പരിസരങ്ങളുടെ വികസനത്തിനു സഹായകമായപ്പോള്‍ ആ മാതൃകയില്‍ കിഴക്കേകോട്ടയിലുള്ള ചതുപ്പുസ്ഥലം പതിച്ചുവാങ്ങി സുബ്രഹ്മണ്യം അവിടെ ‘ശ്രീ പത്മനാഭ’ തിയ്യേറ്റര്‍ സ്ഥാപിച്ചു. ആ തുടര്‍ച്ചയില്‍ തമ്പാനൂരില്‍ ‘ശ്രീകുമാറും’ പേട്ടയില്‍ ‘കാര്‍ത്തികേയ’ തിയ്യേറ്ററും നിലവില്‍വന്നു. അതോടെ തിരുവിതാംകൂറിലെ ഏറ്റവും വലിയ തിയ്യേറ്റര്‍ ശൃംഖല അദ്ദേഹത്തിന് സ്വന്തമായി.
ചലച്ചിത്രനിര്‍മ്മാണത്തിലെ കന്നിക്കൊയ്ത്ത് വിജയകരമായിരുന്നെങ്കിലും അതില്‍ ഒടുവില്‍ മാത്രം എത്തിപ്പെട്ട തന്റെ പങ്ക് നാമമാത്രമാണെന്ന തിരിച്ചറിവ് സുബ്രഹ്മണ്യത്തിനുണ്ടായിരുന്നു. ആ വിജയത്തില്‍ ഭ്രമിച്ചു മദിക്കുവാനല്ല, സിനിമയുടെ അനുബന്ധ ഭൂമികകളില്‍ നിലയുറപ്പിക്കുവാനാണദ്ദേഹം ശ്രമിച്ചത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇതര നിലകളില്‍ ഭദ്രമായി ചുവടുറപ്പിച്ചശേഷമാണ് അദ്ദേഹം നിര്‍മ്മാണരംഗത്ത് തുടര്‍ശ്രമങ്ങള്‍ നടത്തിയത്.
അതിനിടയില്‍ ബഹുകാര്യ വ്യാപൃതനായി തലസ്ഥാന നഗരിയുടെ പൊതുധാരയില്‍ പി. സുബ്രഹ്മണ്യം സജീവമായി. രണ്ടുതവണ തിരുവനന്തപുരം മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
നേമത്തിനടുത്ത് എല്‍എംഎസ് വിഭാഗം സ്കൂള്‍ സ്ഥാപിക്കുക ലക്ഷ്യമാക്കി രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി കെട്ടിടം പണിയാരംഭിച്ചു. പള്ളിക്കൂടമാദ്യം; പിന്നെ പള്ളി; അതിനോടു ചേര്‍ന്നു ശ്മശാനം അതാണ് എല്എംഎസ്സുകാരുടെ മനസ്സിലെ പദ്ധതിയെന്നൊരു കിംവദന്തി എങ്ങനെയോ പരന്നു. തല്‍ഫലമായി നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങി. എല്‍എംഎസ്സുകാര്‍ അതിനകം താഴ്ചയുള്ള സ്ഥലം നികത്തി പ്രധാന കെട്ടിടം പണികഴിപ്പിക്കുകയും മുന്‍വശത്ത് കരിങ്കല്‍മതില്‍ കെട്ടുകയും ചെയ്തിരുന്നു. നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സില്‍ സമരം ശക്തമാക്കി. മനസ്സുമടുത്ത് എല്‍എംഎസ്സുകാര്‍ സ്കൂള്‍ പദ്ധതി ഉപേക്ഷിച്ച് സ്ഥലവും പണിതിടത്തോളം കെട്ടിടവും വില്ക്കാന് തീരുമാനിച്ചു. ഇതറിയുവാനിടവന്ന പി. സുബ്രഹ്മണ്യം ആ സ്ഥലം വിലയ്ക്കു വാങ്ങി. കെട്ടിടം പൂര്‍ത്തിയാക്കി. അവിടെ ഒരു സ്കൂള്‍ തുടങ്ങിയാലോ എന്നായിരുന്നു ആദ്യ ആലോചന. അങ്ങനെ ചെയ്താല്‍ നാട്ടുകാരെ എല്എംഎസ്സുകാര്ക്കെതിരെ പ്രക്ഷോഭത്തിനിറക്കിയതിന്റെ ഉപജാപ പഴി തന്റെമേല്‍ പതിഞ്ഞാലോ എന്ന ഭീതിമൂലം അതു വേണ്ടെന്നുറപ്പിച്ചു.
ആലപ്പുഴയില്‍ ‘ഉദയാ’ സ്റ്റുഡിയോ വേരുറപ്പിച്ചു തുടങ്ങിയിരുന്നു ആ നാളുകളില്‍. ചലച്ചിത്ര നിര്‍മ്മാണം സുഗമമായി മുമ്പോട്ടു കൊണ്ടുപോകുന്നതിന് ഒരു സ്റ്റുഡിയോ സ്വന്തമായുണ്ടാകുന്നത് സഹായകമാകുമല്ലോ. നേമത്ത് സ്കൂള്‍ കെട്ടിടമാക്കാന്‍ വേണ്ടി നിര്‍മ്മിച്ചു തുടങ്ങിയ കെട്ടിടം സ്റ്റുഡിയോയുടെ പ്രധാന എടുപ്പാക്കി ഫ്ളോറും അനുബന്ധ സംവിധാനങ്ങളും ഇണക്കി ആ രണ്ടരയേക്കര്‍ സ്ഥലത്ത് പി. സുബ്രഹ്മണ്യം സ്ഥാപിച്ച സ്റ്റുഡിയോയ്ക്ക് ‘മെരിലാന്റ്’ എന്ന് നാമകരണം ചെയ്തു. ചിത്രനിര്‍മ്മാണ ബാനറിന് ‘നീല’ എന്നും. വിതരണ രംഗത്തേക്കുകൂടി കടന്നതോടെ അതിനും കണ്ടെത്തി ‘കുമാരസ്വാമി ആന്‍ഡ് കമ്പനി’ എന്ന പേര്. കേരളക്കരയില്‍ സ്റ്റുഡിയോ ഉടമ, നിര്‍മ്മാതാവ്, വിതരണക്കാരന്, പ്രദര്‍ശനശാലാ ശൃംഖല ഉടമ എന്നീ നിലകളില്‍ തുടക്കത്തിലും സംവിധായകന് എന്ന നിലയില്‍ക്കൂടി തുടര്‍ച്ചയിലും പി. സുബ്രഹ്മണ്യം തന്റെ ജൈത്രയാത്ര ആരംഭിക്കുന്നത് ഈ ഭൂമികയില്‍നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: