ബദിയഡുക്ക: സംസ്ഥാന സര്‍ക്കാര്‍ 30 കോടിരൂപ നീക്കിവെച്ച ചെര്‍ക്കള കല്ലടുക്ക റോഡില്‍ ആരും അറിയാതെ പിഡബ്യഡി വക ഒരു കോടി രൂപയുടെ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചെര്‍ക്കള മുതല്‍ കല്ലടുക്ക വരെ പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ റോഡിന്, ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെയാണ് ഒരു കോടി രൂപ ചിലവാക്കുന്നത്. 30 കോടി രൂപയുടെ ടാറിംഗ് പണിക്കു നീക്കി വെച്ച തുകക്കു ഭരണാനുമതി ലഭിക്കാനിരിക്കെയാണ് അധികൃതര്‍ ഒരു കോടിയുടെ മറ്റൊരു ടെണ്ടര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ സമ്പൂര്‍ണ്ണവും സമഗ്രവുമായ ടാറിംഗ് ഈ റോഡിനു നടക്കാനിരിക്കേ തിരക്കിട്ട് ഒരു കോടി രൂപയുടെ മറ്റൊരു ടാറിംഗ് നടക്കുന്നതു ജനങ്ങളില്‍ ആശ്ചര്യമുളവാക്കിയിട്ടുണ്ട്. നിരവധി തവണ വര്‍ഷങ്ങളായി ജനങ്ഹള്‍ തകര്‍ന്ന റോഡ് നന്നാക്കണമെന്ന് മുറവിളി കൂട്ടി നടന്നിരുന്നു അന്ന് കാണിക്കാത്ത ശുഷ്കാന്തിയാണ് ഇപ്പോള്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്നതെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയക്കാരും കോണ്ട്രാക്ടര്മാരും തമ്മിലുള്ള ഒത്ത് കളിയാണ് ഈ റോഡ് ടാറിംഗ് മാമാങ്ക്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷം റിപ്പയര്‍ എന്ന പേരില്‍ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെ 25 ലക്ഷം രൂപ ചിലവഴിച്ചിരുന്നു. അതു തുടര്‍ന്നു വന്ന ആദ്യ മഴക്ക് പൂര്‍ണ്ണമായി ഒലിച്ചു പോവുകയായിരുന്നു. ഏറ്റവും കൂടുതല്‍ കുഴികളുള്ള ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെയുള്ള 12 കി മീറ്റര്‍ കുഴികള്‍ അടക്കാനാണ് ഒരു കോടി രൂപ പൊടുന്നനെ അനുവദിച്ചതെന്നാണ് പറയുന്നത്. അടുത്ത ആഴ്ച മുതല്‍ ഈ പണി തുടങ്ങുമെന്നു പൊതുമരാമത്ത് ബദിയഡുക്ക സബ് എഞ്ചിനീയര്‍ ദയാനന്ദ അറിയിച്ചു. ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെ മൂന്നിടത്തു 200 മീറ്റര്‍ വീതം മെക്കാഡം ടാറിംഗ്, ഒരു സ്ഥലത്ത് ഇന്റര്‍ലോക്ക് എന്നിങ്ങനെയാണ് ഒരു കോടി രൂപ കൊണ്ട് ചെയ്യുന്നത്. നല്ക്കയില് നിന്നും അടുക്കസ്ഥല വരെ ആറു സ്ഥലത്ത് 50 ലക്ഷം രൂപ ചിലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതിന്റെ ബില്ല് കൊടുത്തു കഴിഞ്ഞുമെന്ന് മരാമത്ത് അധികൃതര്‍ പറയുന്നു.
ചെര്‍ക്കള കല്ലടുക്ക റോഡില്‍ ഏറ്റവും കൂടുതല്‍ കുഴികള്‍ ഉള്ളത് ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെയാണ്. ഈകുഴികള് നീക്കാനാണ് കഴിഞ്ഞ മാസം 50 ലക്ഷം രൂപ ചിലവഴിച്ചത്. ഒരു കോടി രൂപയുടെ പണി തുടങ്ങുന്നതും ഇതിനു തന്നെയാണ്. ഈ പണി തീര്‍ന്നാലും കുഴികള്‍ തീരില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചെര്‍ക്കള കല്ലടുക്ക റോഡിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ച 30 കോടി രൂപയുടെ പദ്ധതിക്ക് ഇനിയും ഭരണാനുമതി ലഭിച്ചിട്ടില്ല. കാസര്‍കോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ കടന്നു പോകുന്ന റോഡിന്റെ പണി തുടങ്ങാന്‍ രണ്ട് എംഎല്‍എമാരും മനസു വെക്കണമെന്നു നാട്ടുകാര്‍ പറയുന്നു. പക്ഷേ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച് ടെണ്ടര്‍ വിളിക്കാന്‍ വൈകുമെന്നും അടുത്ത വര്‍ഷമേ പണി തുടങ്ങാനാകുമെന്നും അത് കൊണ്ടാണ് ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെ ഒരു കോടിയുടെ പുതിയ പദ്ധതിയുടെ പണി നടക്കുന്നതെന്നും മരാമത്ത് അധികൃതര്‍ വ്യക്തമാക്കി. രണ്ട് തരത്തില്‍ റോഡ് ടാറിംഗ് നടത്താനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: