കരുനാഗപ്പള്ളി: തെരുവുനായ്‌ക്കളെ കൊല്ലുക, സ്‌കൂളില്‍ പോകാന്‍ പറ്റുന്നില്ല, റോഡിലൂടെ നടക്കാന്‍ പറ്റുന്നില്ല എന്നീ മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ട് സ്‌കൂള്‍ കുട്ടികള്‍ തഴവ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഇവിടെ ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നതിനായി കുട്ടികള്‍ നടത്തിയ ധര്‍ണ്ണ ശ്രദ്ധേയമായി. കുട്ടികളുടെ ധര്‍ണ്ണ കാണാന്‍ നൂറുകണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. തഴവ ടിഎംഎം സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നിന്നും രാവിലെ 11ന് പ്രകടനമായാണ് കുട്ടികള്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അദ്ധ്യാപകരും പങ്കെടുത്തു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ ശ്രീരാമപുരം മാര്‍ക്കറ്റ്, വില്ലേജ് ഓഫീസ് പരിസരം, ആല്‍ത്തറമൂട്, സ്‌കൂള്‍ പരിസരം ഉള്‍പ്പെടെ അലഞ്ഞുതിരിഞ്ഞ് ജനങ്ങള്‍ക്ക് അപകടം വരുത്തുന്ന നൂറുകണക്കിന് നായ്‌ക്കളെ ഇല്ലാതാക്കണമെന്നായിരുന്നു ആവശ്യം. പ്രതിഷേധ സമരം അഡ്വ.എം.എ.ആസാദ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷാ മില, പഞ്ചായത്തംഗങ്ങളായ അനൂപ്, ആനി പൊന്നന്‍, സുനില്‍ എന്നിവര്‍ സംസാരിച്ചു.
















