കളമശേരി: ഡേകെയര്‍ ജീവനക്കാരുടെ അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടത് രാജേഷിനും ഭാര്യ രശ്മിക്കും ഏഴുവര്‍ഷം കാത്തിരുന്ന് കിട്ടിയ തങ്കക്കുടത്തെ. കൈന്റിക്കര വലിയമാക്കല്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും ഓമനിച്ച് വളര്‍ത്തിയ അമ്പാടിക്കുട്ടനെ. ആദവ് പെരിയാറില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനാകെ വിങ്ങിപ്പൊട്ടുകയാണ് ഈ കുടുംബവും നാട്ടുക്കാരും.
ഒമ്പത് വര്‍ഷംമുമ്പായിരുന്നു രാജേഷിന്റേയും രശ്മിയുടേയും വിവാഹം. കുട്ടികളുണ്ടാകാതിരുന്നതിനാല്‍ ചികിത്സയും ക്ഷേത്രങ്ങളില്‍ വഴിപാടും നടത്തി ഏഴുവര്‍ഷം കഴിഞ്ഞാണ് ആദവ് പിറന്നത്. രാജേഷിന്റെ താല്‍പര്യപ്രകാരം ആദവെന്ന് പേരിട്ടെങ്കിലും എല്ലാവരുടെയും അമ്പാടിയായിരുന്നു. അയല്‍ക്കാര്‍ക്കാരുടെ പൊന്നോമന.
വീട്ടിലുള്ള എല്ലാവരും ജോലിക്ക് പോകുകയും രശ്മി കുടുംബ്രീ വഴി തയ്യല്‍ പഠിക്കാനും പോകേണ്ടി വന്നതോടെയാണ് ആദവിനെ ഡേകെയറിലാക്കാന്‍ തീരുമാനിച്ചത്. മൂന്ന് ദിവസംമുമ്പാണ് ഡേകെയറില്‍ പോയിതുടങ്ങിയത്. അപകടം നടന്ന ദിവസം രാവിലെ പെട്ടന്ന് ചെല്ലണമെന്നാവശ്യപ്പെട്ട് ഡേകെയറില്‍നിന്നും ഫോണ്‍ എത്തിയപ്പോള്‍ ഇത്രയും ദുഖകരമായ വിവരമായിരിക്കുമെന്ന് വീട്ടുകാരറിഞ്ഞില്ല.
ഏലൂര്‍ ഇഎസ്‌ഐ ആശുപത്രിയിലെത്തിയപ്പോഴാണ് തങ്ങളുടെ തങ്കക്കുടത്തിന്റെ ചേതനയറ്റതായി അമ്മയും അച്ഛനും അറിയുന്നത്. അമ്മ രശ്മി അപ്പോള്‍ തന്നെ ബോധരഹിതയായി വീണു. എന്ത്‌ചെയ്യണമെറിയാതെ രാജേഷിന്റെ മനസ്സ് വിങ്ങിപ്പൊട്ടി. പിന്നീട് ബന്ധുക്കളെത്തി രശ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും രാജേഷിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയുമായിരുന്നു.
















