കണ്ണൂര്‍: ക്ലീന്‍ സിവില്‍ സ്‌റ്റേഷന്‍ പരിപാടിയുടെ ഭാഗമായി സിവില്‍സ്‌റ്റേഷനിലെയും അനക്‌സിലെയും ഓഫീസുകളുടെ ശുചിത്വം ഉറപ്പാക്കാന്‍ ഓരോ ബ്ലോക്കിലും ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ചു. സിവില്‍സ്‌റ്റേഷനിലെ ഓഫീസുകളിലെ ശുചിത്വ സംവിധാനവും പരിപാലനവും ഉറപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയാണ് ചാര്‍ജ് ഓഫീസര്‍മാരുടെ ചുമതല. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗാമാണ് ഈ തീരുമാനമെടുത്തത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, എഡിഎം മുഹമ്മദ് യൂസഫ്, ശിരസ്തദാര്‍ കെ കെ ദിവാകരന്‍, മറ്റ് ജില്ലാ തല ഉമദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സിവില്‍സ്‌റ്റേഷന്‍, സിവില്‍സ്‌റ്റേഷന്‍ അനക്‌സ്, പിഡബ്ല്യുഡി കോമ്പൗണ്ട്, ജില്ലാപഞ്ചായത്ത്, ജില്ലാ പൊലീസ് ചീഫ് ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ ആസൂത്രണ സമിതി സമുച്ചയം എന്നിവിടങ്ങളിലെ ഓഫീസുകളെ 10 ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിലെയും ഓഫീസുകളിലെയും പരിസരത്തെയും ശുചിത്വ പരിപാലനം ഉറപ്പാക്കല്‍ ചാര്‍ജ് ഓഫീസര്‍മാരുടെ ചുമതലയാണ്. കലക്ടറേറ്റ് താഴത്തെ നില- ജില്ലാ ട്രഷറി ഓഫീസര്‍, ഒന്നാം നില-ശിരസ്തദാര്‍, അനക്‌സ് താഴത്തെനില-ജില്ലാ ലേബര്‍ ഓഫീസര്‍, അനക്‌സ് ഒന്നാം നില-ഡിഎംഒ(ആരോഗ്യം), രണ്ടാം നില-ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, പിഡബ്ല്യുഡി കോമ്പൗണ്ട്-എ എക്‌സ് ഇ പിഡബ്ല്യുഡി, ജില്ലാ പഞ്ചായത്ത്-ഫിനാന്‍സ് ഓഫീസര്‍, ജില്ലാപൊലീസ് ചീഫ് ഓഫീസ്-മാനേജര്‍ ഡിപി ഓഫീസ്, ആസൂത്രണ സമിതി കോംപ്ലക്‌സ്-ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍, ജില്ലാ വ്യവസായ കേന്ദ്രം-ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എന്നിവരാണ് ചാര്‍ജ് ഓഫീസര്‍മാര്‍.
ക്ലീന്‍ സിവില്‍സ്‌റ്റേഷന്‍ പരിപാടിയുടെ ഭാഗമായി എല്ലാ ഓഫീസുകളിലും മാലിന്യം വേര്‍തിരിച്ച് ശേഖരിക്കാന്‍ മൂന്ന് വീതം വീപ്പകള്‍ ഇതിനകം സ്ഥാപിച്ചു. ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ കലക്ടറേറ്റിലും അനക്‌സിലുമായി രണ്ട് റിങ്ങ് കമ്പോസ്റ്റ് സ്ഥാപിച്ചു. റെയ്ഡ്‌കോയാണ് ഇവ സ്ഥാപിച്ചത്. കാന്റീനില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനായി ബയോഗ്യാസ് പ്ലാന്‍്‌റും പ്രവര്‍ത്തിക്കുന്നുണ്ട്. കലക്ടറേറ്റിലെ ഓഫീസുകളിലും പൊതുപരിപാടികളിലും ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നത് പൂര്‍ണമായി ഒഴിവാിക്കിയിട്ടുമുണ്ട്.
















