തൊടുപുഴ: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യുക, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാന്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. തൊടുപുഴയിലെ വിവിധ ബ്രാഞ്ചുകളില്‍ ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞു.
തൊടുപുഴയില്‍ മുത്തൂറ്റ് സമരത്തിനിറങ്ങിയ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മുത്തൂറ്റ് റീജിയണല്‍ മാനേജരെ തല്ലി. ഇന്നലെ ഉച്ചയോടെ മങ്ങാട്ടുകവല റീജിയണല്‍ ഓഫീസിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ റീജിയണല്‍ മാനേജര്‍ സണ്ണിയെ തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനേജരെ തല്ലിക്കഴിഞ്ഞ ശേഷം സി പി എം പ്രവര്‍ത്തകരെ പോലീസ് പിടികൂടി നാല് സിപിഎം പ്രാദേശിക നേതാക്കളുടെ പേരില്‍ കേസെടുത്തതായി തൊടുപുഴ പോലീസ് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കോലാനി ആര് പ്രശോഭ്, ചിറ്റൂര്‍ പാറക്കണ്ടത്തില്‍ മധു ഗോപി, ഉണ്ടപ്ലാവ് പൂവത്തിങ്കല്‍ പ്രവീണ്‍ വാസു, മ്രാല പുഴക്കല്‍ രാജേന്ദ്രന് കൃഷ്ണന് എന്നിവരുടെ പേരില്‍ സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
കൈകൊണ്ട് തല്ലി, ചീത്ത വിളിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സി ഐ ടി യു നേതൃത്വത്തില്‍ ഏതാനും നാള് മുമ്പ് തൊടുപുഴയിലെ ഒരു ഓഡിറ്റോറിയത്തില്‍ മുത്തൂറ്റ് ജീവനക്കാരുടെ യോഗം ചേര്‍ന്നിരുന്നു.
യോഗത്തില്‍ പങ്കെടുത്തവരുടെ ചിത്രം ജീവനക്കാരില്‍ ഒരു വിഭാഗം റീജിയണല്‍ മാനേജറെ ഏല്‍പ്പിച്ചിരുന്നു ചിത്രത്തില്‍ കാണപ്പെട്ട പുരുഷ ജീവനക്കാരെ സംസ്ഥാനത്തിന് പുറത്തേക്കും വനിതാ ജീവനക്കാരെ കണ്ണൂര്‍ മേഖലയിലേക്കും സ്ഥലം മാറ്റിയത് റീജിയണല്‍ മാനേജറാണെന്ന കാരണത്താലാണ് ഇദ്ദേഹത്തെ ഇവര്‍ കായികമായി നേരിട്ടത്. ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, തൊടുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ എം ജി ശ്രീമോന്, സബ്ഇന്‍സ്പെക്ടര്‍ ജോബിന് ആന്റണി എ എസ് ഐ പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് മുത്തൂറ്റ് റീജിയണല്‍ മാനേജര്‍ ആക്രമിക്കപ്പെട്ടത്. ഒരു മാസം മുന്‍പ് മുത്തൂറ്റിന് മുന്നില്‍ സമരം നടത്തിയ സിഐറ്റിയുക്കാരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സിപിഎം ഏരിയ സെക്രട്ടറി അന്നത്തെ തൊടുപുഴ എസ്.ഐ ജയകുമാറിനെ പരസ്യമായി അസഭ്യം പറഞ്ഞിരുന്നു.
ഈ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല എസ്.ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കേസില്‍ സിപിഎമ്മുകാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടിരിക്കുന്നത.്
















