കണ്ണൂര്‍: ചാലാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഗാനമേളയോടനുബന്ധിച്ച് പോലീസ് സംഘത്തെ മാരകമായി അക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താനുള്ള പോലീസ് നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. പിടിയിലായ എട്ടുപേര്‍ കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി അക്രമങ്ങള്‍ നടത്തുന്ന സിപിഎമ്മിന്റെ കൊടും ക്രിമിനലുകളാണ്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ സിപിഎം ബന്ധം മറച്ചുവെക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയത് പ്രതിഷേധാര്‍ഹമാണ്. സ്വന്തം സഹപ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ച പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിന്നും പോലീസ് അധികൃതര്‍ പിന്തിരിയണം. ഇതേ സംഘം കഴിഞ്ഞവര്‍ഷം ജില്ലയിലെ പല ക്ഷേത്രങ്ങളിലും അക്രമങ്ങള്‍ നടത്തുകയും ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പിടിയിലായവര്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ്. ഈ സംഘത്തെയാണ് സിപിഎം ജില്ലയില്‍ അക്രമത്തിന് ഉപയോഗിക്കുന്നതെന്നും സത്യപ്രകാശ് ആരോപിച്ചു.
















