തൊടുപുഴ: ലാബില്‍ നടത്തിയ പരിശോധനയില്‍ പോളി വിനൈല്‍ ക്ലോറൈഡ് എന്ന രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ 11 ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി. സംഭവത്തില്‍ ഷാപ്പ് ലൈസന്‍സികള്‍ക്കെതിരെ കേസുടുക്കും. ഓണത്തിനോടനുബന്ധിച്ച് തൊടുപുഴ റേഞ്ചിലെ വിവിധ ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ളിലാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാവുന്ന പോളി വിനൈല്‍ ക്ലോറൈഡ് എന്ന രാസവസ്തു ചേര്‍ത്തതായി കണ്ടെത്തിയത്. റേഞ്ചിലെ 1, 7 എന്നി ഗ്രൂപ്പിന് കീഴില്‍ വരുന്നവയാണ് ഷാപ്പുകള്‍. ഒന്നാം ഗ്രൂപ്പിലെ വണ്ണപ്പുറം, മുള്ളരിങ്ങാട്, കാളിയാര്‍, വെള്ളക്കയം, ഒടിയപാറ, പച്ചില എന്നീ ഷാപ്പുകളും, ഏഴാം ഗ്രൂപ്പിന്റെ കീഴില്‍ വരുന്ന കുമാരംഗലം ഭാഗത്തെ 5 ഷാപ്പുകളുടെ ലൈസന്‍സുമാണ് റദ്ദാക്കിയത്. പാലക്കാട് നിന്നുള്ള കള്ളാണ് ഇവിടെ വിതരണം ചെയ്യുന്നത്. സ്റ്റിഫ് ആന്‍ഡ് ഷൈനില്‍ വസ്ത്രങ്ങള്‍ വടിവൊത്തതാക്കാനായി കൊഴുപ്പ് കൂട്ടാനായി ഉപയോഗിക്കുന്ന രാസ വസ്തുവാണ് പോളി വിനൈല്‍ ക്ലോറൈഡ്. ഇത് വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ കൊഴുപ്പ് കൂടും. ഇതിന് പ്രത്യേക മണവുമില്ല. കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയാണ് ലഭിച്ചത്. എന്നാല്‍ ഈ ഷാപ്പുകളെല്ലാം മുന്‍പ് നിരവധി അബ്കാരി കേസുകളില്‍ പെട്ടിട്ടുള്ളവര്‍ ബിനാമികളെ വച്ചാണ് നടത്തുന്നതെന്ന ആരോപണവും ഉണ്ട്. ഷാപ്പുകള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ പറഞ്ഞു.
















