തലശ്ശേരി: കോട്ടയം ജില്ലയിലെ രാമപുരം കോട്ടമല പാറമട വിഷയത്തില്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചതിന് ഉദ്യോഗസ്ഥരെ തടഞ്ഞതിനും കുറിഞ്ഞി സെന്റ്.സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.തോമസ് അയിലുകുന്നേലിനെയും ജനപ്രതിനിധികളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെയും കത്തോലിക്കാ കോണ്‍ഗ്രസ്സ് തലശ്ശേരി അതിരൂപത കമ്മറ്റി അപലപിച്ചു. ജീവനും സ്വത്തിനും ഭീഷണിയായ പാറമടക്കെതിരെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥക്കെതിരെയും ജനകീയസമരം നടത്തിയ കേസിലാണ് വൈദികനടക്കം ജയിലില്‍ പോകേണ്ടിവന്നത്. പാറമടലോബികളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ജനവികാരം മാനിക്കാതെ കടുത്ത നടപടികളുമായി മുന്നോട്ടുപോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനകീയ വിഷയങ്ങളില്‍ നേതൃത്വം നല്‍കേണ്ടിവരുമ്പോള്‍ വൈദികരെയും ജനപ്രതിനിധികളെയും മറ്റും ബലിയാടാക്കുന്നത് ശരിയല്ല. യോഗത്തില്‍ അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ.ഫ്രാന്‍സീസ് മേച്ചിറാകത്ത്, അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജോണി തോമസ് വടക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.
















