ഗവി: പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍പെട്ട ഗവിയില്‍ താമസിക്കുന്ന വനവാസികളും കേരളാ ഫോറസ്റ്റ് ഡവലെപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഏലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും നീതി ലഭിക്കാതെ വലയുന്നു. പതിറ്റാണ്ടുകളായി ജോലിയെടുക്കുന്ന ഏലത്തോട്ടങ്ങളില്‍ നിന്ന് തൊഴിലാളി കുടുംബങ്ങളെ കുടിയിറക്കുന്നതോടൊപ്പം തലമുറകളായി ഗവി വനമേഖലയില്‍ താമസിക്കുന്ന വനവാസികള്‍ക്കും കാട് അന്യമാകുന്നതായാണ് പരാതി.
കൊച്ചുപമ്പ, ഗവി, മീനാര്‍ എന്നിവിടങ്ങളിലായി അഞ്ഞൂറോളം കുടുംബങ്ങളാണ് ഏലത്തോട്ടത്തില്‍ പണിയെടുത്ത് ജീവിക്കുന്നത്. 1976 കാലഘട്ടത്തില്‍ ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴ് കുടുംബങ്ങളെ കെഎഫ്ഡിസിയുടെ ഏലത്തോട്ടത്തില്‍ പണിയെടുക്കാനായി ഇവിടെ കൊണ്ടുവന്ന് കുടിയിരുത്തിയതാണ്. താമസിക്കാന്‍ ലയങ്ങള്‍ നിര്‍മ്മിച്ച് നല്കിയതുകൊണ്ട് പതിറ്റാണ്ടുകളായി കൊടുംകാട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് ഇതുവരേയും സ്വന്തമായ ഒരിഞ്ചുഭൂമിപോലും ഇല്ല. ഗവി മേഖല പെരിയാര്‍ കടുവാസംരക്ഷണ സങ്കേതത്തില്‍ ഉള്‍പ്പെടുത്തുകയും എക്കോടുറിസം മേഖലയായി പരിവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടുകൂടിയാണ് ഇവര്‍ കുടിയിറക്ക് ഭീഷണിയിലാകുന്നത്. കെഎഫ്ഡിസി തുടക്കകാലത്ത് ആയിരം ഹെക്ടറോളം സ്ഥലത്ത് ഏലകൃഷി നടത്തിയിരുന്നത് ഇപ്പോള്‍ നൂറുഹെക്ടറില് താഴെയാക്കി കുറച്ചുകൊണ്ടുവന്നു. നേരത്തെ പെന്ഷന് പറ്റുന്ന തൊഴിലാളികള്‍ക്ക് പകരം ആശ്രിതരെ നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ പുതിയ ആളുകളെ നിയമിക്കുന്നില്ലെന്ന് മാത്രമല്ല പെന്ഷന് പറ്റുന്നവരോട് ലയങ്ങള്‍ ഒഴിയാനും നിര്‍ദ്ദേശിക്കുന്നു. അന്യദേശത്തുനിന്നും കൊടുംകാട്ടില്‍ വന്ന് താമസിക്കുന്നവര്‍ക്ക് ലയങ്ങള്കൂടി നഷ്ടപ്പെട്ടാല്‍ തല ചായ്ക്കാന്‍ ഇടം കിട്ടാത്ത സ്ഥിതിയാണ്.
പുതിയ പരിഷ്ക്കാരപ്രകാരം കാടിന്റെ മക്കളായ അന്‍പതോളം മലമ്പണ്ടാര വിഭാഗത്തില്‍പെടുന്ന വനവാസികുടുംബങ്ങളും കാടൊഴിയേണ്ടിവരുമെന്ന ഭീഷണിയിലാണ്.
തലചായ്ക്കന്‍ ഇടംതേടി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഗവി നിവാസികള്‍. ഇതിന്റെ ഭാഗമായി കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഗവി ഭൂസമര സമിതിയ്ക്ക് ഇവര്‍ രൂപംകൊടുത്തു. ഐ.കേശവന് (സിപിഎം), ടി.സി.തങ്കപ്പന്(ഐഎന്‍ടിയുസി), പി.കലേഷ്(ആദിവാസി സംരക്ഷണസമിതി) കെ.ത്യാഗു(എഐടിയുസി), കെ.രാജേന്ദ്രന്(ഐഎന്‍ടിയുസി പ്ലാന്റേഷന്), പി.വി.ബോസ്(ബിജെപി), പി.പുണ്യരാജ്(ബിഎംഎസ്) എന്നിവര്‍ കണ്‍വീനര്‍മാരായും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍ ജനറല്‍ കണ്‍വീനറുമായുള്ള സമരസമിതിയില്‍ വി.ശെല്‍വരാജ്, ത്യാഗരാജന് കൊച്ചുപമ്പ, സ്മിത പുണ്യരാജ്, സരോജം കുഞ്ഞുമോന്, രാമജയം കൊച്ചുപമ്പ എന്നിവരും അംഗങ്ങളാണ്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് ഗവി ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കും.
ഒരു സെന്റ് ഭൂമിപോലും ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ഭൂമി അനുവദിക്കുക, കെഎസ്ഡിസിയുടെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, പെന്ഷന് പറ്റിയവരുടെ ആശ്രിതര്‍ക്ക് പകരം തൊഴില്‍ നല്‍കുക, ഇടിഞ്ഞുപൊളിഞ്ഞ വൃത്തിഹീനമായ ലയങ്ങളുടെ അറ്റകുറ്റപണി നടത്തുക, ജാതി സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുക, ഡോക്ടറുടെ സേവനം ലഭിക്കുന്ന ആശുപത്രി അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ഗവിയിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക, ടൂറിസം മേഖലയിലും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിലെ ഫയര്‍-വാച്ചര്‍ തസ്തികയില്‍ ഗവിവാസികള്ക്ക് മുന്‍ഗണന നല്‍കുക, വനവാസി കുടുംബങ്ങള്‍ക്ക് വീട് , ശൗചാലയം, ഭക്ഷണം, വൈദ്യസേവനം, വസ്ത്രം, വിദ്യാഭ്യാസം , തൊഴില്‍ ഇവ ഉറപ്പാക്കുക, വനവാസി കുടുംബങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയവയാണ് ഗവി നിവാസികളുടെ ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: