വൈക്കം: വ്യാജ രസീത് അച്ചടിച്ച് പണം പിരിച്ച ഉപേദേശകസമിതി അംഗങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ടിവിപുരം ശ്രീരാമസ്വാമിക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ 23 മുതല്‍ 30 വരെ ക്ഷേത്രത്തില്‍ നടത്തിയ ഭാഗവത സപ്താഹയജ്ഞത്തിന്റെ പേരില്‍ വ്യാജരസീത് അച്ചടിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. പണം പിരിച്ച ഉപേദേശകസമിതി അംഗങ്ങള്‍ക്കെതിരെ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറാണ് വൈക്കം പോലീസില്‍ പരാതി നല്‍കിയത്.
സപ്താഹത്തിന്റെ നടത്തിപ്പിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മൂദ്രയോടൂകൂടിയ കൂപ്പണുകള്‍ ഉപയോഗിച്ച് ഭക്തജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ സീലുകളില്ലാത്ത വ്യാജ കൂപ്പണുകള്‍ ഉപയോഗിച്ച് ഉപദേശകസമതി അംഗങ്ങള്‍ പണപ്പിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് ഭക്തജനങ്ങള്‍ ബോര്‍ഡ് ഉദ്ദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
സപ്താഹവേദിക്ക് സമീപമുള്ള ഉപദേശക സമിതിയുടെ കൗണ്ടറില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ കൃഷ്ണകുമാരി നടത്തിയ പരിശോധനയില്‍ മൂപ്പതിനായിരത്തിലധികം രൂപയുടെ വ്യാജരസീത് കണ്ടെത്തി. ഉപദേശകസമിതി പ്രസിഡന്റ് കുന്നപ്പഞ്ചേരിയില് ഭാസ്ക്കരന്‍ നായര്‍, സെക്രട്ടറി തേവര്മുക്കത്ത് രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്സ്. വൈക്കം സിഐക്കും ദേവസ്വം വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 30ന് ഉപദേശക സമിതിയിലെ എതാനും പേരുടെ നേതൃത്വത്തില്‍ വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ സബ്ഗ്രൂപ്പ് ഓഫീസറെ അകാരണമായി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു.പോലീസെത്തിയാണ് കൃഷ്ണകുമാരിയെ മോചിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.
















