മാന്നാര്‍: വൈദ്യുതാഘാതമേറ്റ് മരിച്ച സ്‌നേഹജന്റെ കുടുംബത്തിന് ഇനി ചോരാത്ത വീട്ടില്‍ താമസിക്കാം. മാന്നാറില്‍ നടപ്പിലാക്കിവരുന്ന ചോരാത്ത വീട് ഭവനപുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു പുനര്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് കടപ്ര വളഞ്ഞവട്ടം കോമളത്ത് വീട്ടില്‍ സ്‌നേഹജന്‍ വീടിന്റെ മുന്‍വശത്തുള്ള പറമ്പില്‍വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. 112 വര്‍ഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ പഴയ തറവാട്ടിലായിരുന്നു സ്‌നേഹജനും കുടുംബവും താമസിച്ചിരുന്നത്.
മേല്‍ക്കൂര പട്ടികയും കഴുക്കോലും ദ്രവിച്ച് നിലംപൊത്താറായ സ്ഥിതിയിലായിരുന്നു. ചുവരുകളും തകര്‍ന്ന നിലയിലായിരുന്നു. എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വളഞ്ഞവട്ടത്തെ ഈ വീട് ഏറ്റെടുക്കുകയായിരുന്നു. സ്‌നേഹജന്റെ വീട് നവീകരിച്ചുകൊണ്ട് ജില്ലാതല ഉദ്ഘാടനം കോമളത്ത് വീട്ടില്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. മുന്‍ഗ്രാമപഞ്ചായത്തംഗം കെ.എ. കരീമിന്റെ നേതൃത്ത്വത്തില്‍ കക്ഷിരാഷ്ടീയത്തിനപ്പുറമുള്ള ചിലസമനുസുകളും സേവാ സന്നദ്ധരായ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അദ്ധ്യക്ഷതവഹിച്ചു. എം.ജി. സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
















