ഷൊര്‍ണൂര്‍: മതം മാറി കല്യാണം കഴിച്ച അധ്യാപികയെ സ്കൂളില്‍നിന്ന് പുറത്താക്കി. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് സസ്പെന്‍ഷനാക്കി മാറ്റി. ചെറുതുരുത്തി കിള്ളിമംഗംലം അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപിക കെ.വി. ശരണ്യയെയാണ് പുറത്താക്കിയത്.
ഒക്ടോബര്‍ 29 നായിരുന്നു ശരണ്യയും സമീപവാസിയായ മുഹമ്മദ് ഹാരിസും തമ്മിലുള്ള വിവാഹം. വിവാഹശേഷം അവധിയറിയിക്കാന്‍ സ്കൂളില്‍ വിളിച്ചപ്പോള്‍ ഇനിമുതല്‍ സ്കൂളില്‍ വരേണ്ടെന്ന് പ്രിന്‍സിപ്പല്‍ ശരണ്യയെ അറിയിക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകളോ ശമ്പള കുടിശ്ശികയോ കൈപ്പറ്റാന്‍പോലും നേരിട്ട് എത്തരുതെന്നായിരുന്നു ശരണ്യയ്ക്ക് കിട്ടിയ നിര്‍ദേശം. മറ്റ് അധ്യാപകരോട് ശരണ്യയുമായി ബന്ധം പുലര്‍ത്തരുതെന്ന നിര്‍ദേശം നല്‍കിയതായും പറയുന്നു.
മറ്റൊരു മതത്തില്‍പ്പെട്ട ആളെ പ്രണയിച്ച് വിവാഹംകഴിച്ചത് സ്കൂളിലെ രീതികള്‍ക്ക് നിരക്കാത്തതുകൊണ്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ നജ്മറഷീദ് പറഞ്ഞു. പിന്നീട് അധ്യാപികയെ പിരിച്ചുവിട്ട നടപടിക്കെതിരെ നാട്ടുകാര്‍ ഇടപെട്ടതോടെ ഒരാഴ്ചത്തെ നിര്‍ബന്ധിത അവധിക്കുശേഷം അധ്യാപികയോട് തിരികെയെത്താന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: