കൊട്ടാരക്കര: തടവുകാരുടെ മാനസികസംഘര്‍ഷം ലഘൂകരിക്കാന്‍ കൃഷിയിലൂടെ കഴിയുമെന്ന് ജയില്‍ ഡിഐജി ബി.പ്രദീപ്കുമാര്‍ പറഞ്ഞു. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ജൈവപച്ചക്കറികൃഷിയുടെ വിളവെടുപ്പിനെത്തിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ജൈവ പച്ചക്കറി കൃഷി പൂര്‍ണ്ണമായും നടപ്പിലാക്കും. വിഷരഹിതമായ പച്ചക്കറികൃഷി ചെയ്യുന്നതിലൂടെ അന്തേവാസികളായ ഓരോ തടവുകാരും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ നല്ല വ്യക്തിത്വമായി മാറുമെന്ന് ഡിഐജി പറഞ്ഞു. കൊട്ടാരക്കര കൃഷിഭവനുമായി ചേര്‍ന്നാണ് സബ് ജയിലില്‍ കൃഷി ആരംഭിച്ചത്. കൃഷിക്കാവശ്യമായ ഗ്രോ ബാഗുകളും, വിത്തുകളും കൊട്ടാരക്കര കൃഷിഭവനില്‍ നിന്ന് സബ് ജയിലിന് നല്‍കും. വെണ്ടയ്‌ക്ക, തക്കാളി, വഴുതനങ്ങ, പയര്‍, മുളക് എന്നിവയാണ് വിളവെടുത്തത്. ജൈവപച്ചക്കറി കൃഷികൂടാതെ കോഴികൃഷിയും ജയിലിലുണ്ട്. ജയില്‍സൂപ്രണ്ട് അന്‍സര്‍ കെ.ബി, മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ.ഷാജു, അസി.കൃഷി ആഫീസര്‍ പ്രകാശ്.ടി, കൃഷി അസിസ്റ്റന്റ് സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ജയില്‍സൂപ്രണ്ട് അന്‍സര്‍ കെ.ബി, അസിസ്റ്റന്റെ പ്രിസണ്‍ ഓഫീസര്‍ ഷിബു.എസ്, ബിപിഒ മുരളീധരന്‍പിള്ള എന്നിവരാണ് കൃഷിക്ക് നേതൃത്വം വഹിക്കുന്നത്.
















