സ്വന്തം ലേഖകന്‍
കൊല്ലം: കളക്‌ട്രേറ്റില്‍ സ്‌ഫോടനം നടന്നിട്ട് ആറ് മാസം. അന്വേഷണം എവിടെയെത്തിയെന്ന് അധികൃതര്‍ക്ക് ഉത്തരമില്ല. അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തെത്തന്നെ പിരിച്ചുവിട്ടു. കളക്‌ട്രേറ്റിലെ സിസി ടിവി ക്യാമറകള്‍ തകരാറാണെന്ന ആക്ഷേപമുയര്‍ന്നിട്ടും നടപടിയില്ല. ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍പോലും മതിയായ സുരക്ഷാ നടപടികളില്ല. അല്‍ഉമ്മ ഭീകരന്‍ പറവൈ ബാദുഷയ്‌ക്കും ബോഡോ തീവ്രവാദികള്‍ക്കും മാവോയിസ്റ്റ് ഭീകരര്‍ക്കും കൊല്ലത്ത് ബന്ധങ്ങളുണ്ടെന്ന് തെളിഞ്ഞിട്ടും ഇതാണ് അവസ്ഥ. ഒരു കേസിലും അന്വേഷണം പൂര്‍ത്തിയാവുന്നില്ല. പറവൈ ബാദുഷ അടക്കമുള്ള ഭീകരരെ സംരക്ഷിച്ചതും അവര്‍ക്ക് താവളമൊരുക്കുന്നതും ആരെന്ന് തെരയുന്നില്ല.
അതീവഗൗരവമുള്ള കേസുകളെ നിസാരവത്ക്കരിക്കുന്ന പോലീസ് നടപടിയാണ് കൊല്ലത്തെ തീവ്രവാദശക്തികളുടെ സുരക്ഷിതകേന്ദ്രമാക്കുന്നതെന്ന് ആക്ഷേപമുയരുന്നു. കൊല്ലത്തെ സുരക്ഷാസംവിധാനത്തെ മുഴുവന്‍ വെല്ലുവിളിച്ച് ജൂണ്‍ 15ന് നടന്ന കളക്‌ട്രേറ്റ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ സാധിക്കാതെ നാണം കേടുകയാണ് പോലീസ്‌സേന. കോടതികളും കളക്‌ട്രേറ്റിലെ 44 പ്രധാന ഓഫീസുകളും സ്ഥിതിചെയ്യുന്ന ജില്ലാഭരണസിരാകേന്ദ്രത്തില്‍ രാവിലെ ജനത്തിരക്കുള്ളപ്പോള്‍ നടന്ന സ്‌ഫോടനം തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്ന തീവ്രവാദികളുടെ മുന്നറിയിപ്പായിരുന്നു. ആദ്യം നിസാരമായി കണ്ട് പിന്നീട് ആസൂത്രിതമാണെന്ന് തെളിഞ്ഞ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
ഹെല്‍മെറ്റ് വേട്ടയും മൂന്നാംമുറയുമൊക്കെ നിര്‍ത്തി ഇത്തരം രാജ്യദ്രോഹികളെ പിടികൂടാന്‍ പോലീസ് മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമാകുകയാണ്. ജില്ലയിലെ കിഴക്കന്‍മേഖല മുതല്‍ നഗരഹൃദയത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി വരെ തീവ്രവാദ പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്. ഇവിടെ പരിശീലനങ്ങളും ക്ലാസുകളും ലഘുലേഖ വിതരണങ്ങളും നടക്കുന്നു. നിരവധി തവണ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും അത് അന്വേഷിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
നായ്‌ക്കളെ വെട്ടി പരിശീലിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപകമാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പുകളും അട്ടിമറിക്കപ്പെടുന്നു. കൊല്ലം കളക്‌ട്രേറ്റില്‍ ഉപയോഗിക്കാതെ കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിന് സമീപത്ത് നിന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് സ്‌ഫോടന സമയത്ത് സുരക്ഷ ഉറപ്പാക്കാന്‍ നിരവധി സംവിധാനങ്ങള്‍ കളക്‌ട്രേറ്റ് പരിസരത്ത് ഒരുക്കുമെന്നു പറഞ്ഞ ഉദ്യോഗസ്ഥര്‍ നാളിതുവരെയായി യാതൊന്നും ചെയ്തിട്ടുമില്ല. നാലു ചെറുഗേറ്റുകള്‍ അടച്ചുവെന്നതൊഴിച്ചാല്‍ ഉദ്യോഗസ്ഥവൃന്ദവും ജില്ലാ ഭരണാധികാരികളും പോലീസും ഒന്നും ഒരുക്കിയിട്ടില്ല.
മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം കളക്‌ട്രേറ്റിന്റെ പ്രധാനകവാടങ്ങളില്‍ ഒരുക്കുമെന്നും സിവില്‍ സ്റ്റേഷന്‍ മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാക്കുമെന്നും പറഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ഇതൊന്നും നടന്നിട്ടില്ല. പേരിന് വൃത്തിയാക്കല്‍ പ്രക്രിയ നടന്നുവെന്നത് ഒഴിച്ചാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വീണ്ടും സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യവും ചാക്ക് കെട്ടും കൊണ്ട് നിറയുകയാണ്.
ആര്‍ടിഒ ഓഫീസിന്റെ മുന്‍വശത്തായി ചാക്ക് കെട്ട് കൊണ്ട് നിറഞ്ഞ് ആവശ്യത്തിനെത്തുന്നവര്‍ക്ക് നടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സ്‌ഫോടനമുണ്ടായതിന്റെ പിറ്റേദിവസം ഉന്നതതല യോഗത്തില്‍ ജില്ലയിലെ പ്രധാന സ്ഥലങ്ങളായ കെഎസ്ആര്‍ടിസി സ്റ്റാന്റ്, റെയില്‍വേസ്റ്റേഷന്‍, മാളുകള്‍, പാര്‍ക്കുകള്‍, പ്രധാന ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നീരീക്ഷണം കര്‍ശനമാക്കുമെന്നും പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുവെന്നും പറഞ്ഞിരുന്നു.
രാത്രികാലങ്ങളില്‍ ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നത് പാഴ്‌വാക്കായി മാറി. നഗരത്തിലെ പോലീസിന്റെ സിസിടിവി കാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. കൂടാതെ പ്രധാന സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും നടപ്പായില്ല.
പോലീസ് സംവിധാനം ശക്തിപ്പെടണമെന്ന സൂചനയാണ് അന്ന് നടന്ന സ്‌ഫോടനം വിരല്‍ ചൂണ്ടിയത്.
ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരോട് പ്രാദേശികതലങ്ങളില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണമെന്നും തീവ്രവാദസ്വഭാവമുള്ളവരെ നീരീക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും അവയും നടന്നില്ല.
















